മേയർ പ്രസന്ന ഏണസ്റ്റ് സ്വപ്നങ്ങൾ പങ്കുവയ്ക്കുന്നു
കൊല്ലം: 'സമ്പന്നനെന്നും ദരിദ്രനെന്നും ഭേദമില്ലാത്ത മഹാനഗരം' - കൊല്ലത്തിന്റെ പുതിയ മേയർ പ്രസന്ന ഏണസ്റ്റിന്റെ സ്വപ്നമാണിത്. ' കൊല്ലം, എന്റെ നഗരമെന്ന് പാവങ്ങൾ നെഞ്ചത്ത് കൈവച്ച് പറയും. എന്റെ സ്വപ്നം മാത്രമല്ല, അവരുടെ സ്വപ്നങ്ങളാണ് സാർത്ഥമാകേണ്ടത്. അതിനായി നഗരവാസികളോട് സംവദിക്കും. അവരുടെ പിന്തുണ വാങ്ങും. ജനങ്ങൾ അർപ്പിച്ച വിശ്വാസം പതിന്മടങ്ങ് തിരിച്ചുനൽകും. മേയറായി അധികാരം ഏറ്റെടുത്തശേഷം പ്രസന്ന ഏണസ്റ്റ് കേരളകൗമുദിയോട് സംസാരിക്കുന്നു.
? ആദ്യ പരിഗണന
എന്റെ പദ്ധതികളല്ല, ജനങ്ങളുടെ ആവശ്യങ്ങളാണ് നടക്കേണ്ടത്. അത്തരം പദ്ധതികൾക്ക് എല്ലാവരുടെയും സഹകരണം തേടും. ഈ ഭരണസമിതിയുടെ കാലയളവ് പൂർത്തിയാകുമ്പോൾ കൊല്ലം കോർപ്പറേഷനിൽ ഇടത് ഭരണം 25 വർഷം പിന്നിടും. ഓരോ തവണയും കൂടുതൽ വോട്ടും സീറ്റും നൽകിയാണ് ജനങ്ങൾ എൽ.ഡി.എഫിനെ അധികാരത്തിലേറ്റുന്നത്. അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കും.
? കുടിവെള്ളം
ഞാങ്കടവ് പദ്ധതി എത്രയും വേഗം പൂർത്തീകരിക്കും. താൻ നേരത്തെ മേയറായിരിക്കുമ്പോഴാണ് ഈ പദ്ധതിക്ക് തുടക്കമിടുന്നത്. പിന്നീട് സംസ്ഥാന സർക്കാരിന്റെ വലിയ സാമ്പത്തിക സഹായം ലഭിച്ചു. അമൃത് പദ്ധതിയിൽ നിന്ന് പണം വകയിരുത്തിയിട്ടുണ്ട്. നിരന്തരം ഇടപെട്ട് പദ്ധതി യാഥാർത്ഥ്യമാക്കും. ഇതോടെ നഗരത്തിലെ കുടിവെള്ള പ്രശ്നം വലിയതോതിൽ പരിഹരിക്കപ്പെടും.
? തെരുവ് വിളക്ക് പ്രശ്നം
തെരുവ് വിളക്ക് പരിപാലനത്തിന് അടിയന്തര പ്രാധാന്യം നൽകും. നിലവിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കും. നഗരം ഇരുട്ടിലാവാതെ നോക്കും.
? മാലിന്യ സംസ്കരണം
കുരീപ്പുഴയിലെ മാലിന്യസംസ്കരണ പദ്ധതിയുമായി മുന്നോട്ട് പോകും. നേരത്തെ പ്ലാന്റ് സ്ഥാപിച്ചെങ്കിലും ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പ്രവർത്തിപ്പിക്കാനായില്ല. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയും പദ്ധതികളുണ്ട്. അവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കും. അവരുമായി ചർച്ച നടത്തും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
? സ്ത്രീകൾക്ക് വേണ്ടി
കൊല്ലത്തെ സ്ത്രീ സൗഹൃദനഗരമാക്കും. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനുള്ള ഇടപെടൽ ശക്തമാക്കും. അവരെ ശാക്തീകരിക്കും. കുടുംബശ്രീ ശൃംഖല വിപുലീകരിക്കും.
? സാംസ്കാരിക മേഖലയിൽ
നേരത്തെ സംഘടിപ്പിച്ച കൊല്ലം ഫെസ്റ്റ് മാതൃകയിൽ സാംസ്കാരിക, വാണിജ്യോത്സവങ്ങൾ സംഘടിപ്പിക്കും. കൊല്ലം ഫെസ്റ്റിന് ഏഴ് ലക്ഷത്തോളം പേരാണ് എത്തിയത്. കൊല്ലം നഗരത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു.
? പൊതുജനങ്ങൾക്ക് കാണാൻ
മേയർ എന്ന നിലയിൽ പൊതുജനങ്ങൾക്ക് നേരിൽ കാണാൻ പ്രത്യേക സമയം ക്രമീകരിക്കും. അടിയന്തര സാഹചാര്യങ്ങളുണ്ടായാൽ മാത്രമേ ജനങ്ങളെ നേരിൽ കാണുന്ന സമയത്തിൽ മാറ്റം വരുത്തൂ. പാവങ്ങൾ പലതവണ ഓഫീസിൽ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കും. പ്രധാന ഓഫീസിന് പുറമേ സോണൽ ഓഫീസുകൾ കേന്ദ്രീകരിച്ചും ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും കേൾക്കും.
? മറ്റ് സ്വപ്നങ്ങൾ
ടൂറിസം, സ്പോർട്സ് രംഗങ്ങളിൽ ഇടപെടും. ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കും. ചരിത്ര മ്യൂസിയം ആരംഭിക്കും. കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിപ്പിച്ച് യാത്രാ കപ്പൽ സർവീസിനായി ഇടപെടും. കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഇടപെടൽ നടത്തും. കാർഷിക പ്രവൃത്തികൾക്ക് ഊന്നൽ നൽകും. കശുഅണ്ടി, കയർ, മത്സ്യം അടക്കമുള്ള തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവരുടെ ക്ഷേമത്തിനും മുൻതൂക്കം നൽകും.