photo
എ.ഷാജു കൊട്ടാരക്കര നഗരസഭ ചെയർമാൻ ആയി സത്യപ്രതിജ്ഞ ചെയ്യുന്നു

കൊല്ലം: കൊട്ടാരക്കര നഗരസഭ ചെയർമാനായി കേരള കോൺഗ്രസ്(ബി) ജില്ലാ പ്രസിഡന്റ് എ.ഷാജുവിനെ തിരഞ്ഞെടുത്തു. ഇന്നലെ രാവിലെ നഗരസഭ കോൺഫറൻസ് ഹാളിൽ വരണാധികാരിയായ കില ഇ.ടി.സി പ്രിൻസിപ്പൽ ജി.കൃഷ്ണകുമാറിന്റെ ചുമതലയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സി.പി.എം പ്രതിനിധി എസ്.ആർ.രമേശ് എ.ഷാജുവിന്റെ പേര് നിർദ്ദേശിക്കുകയും സി.പി.ഐ പ്രതിനിധി ഉണ്ണിക്കൃഷ്ണമേനോൻ പിൻതാങ്ങുകയും ചെയ്തു. കോൺഗ്രസ് പ്രതിനിധിയായ വി.ഫിലിപ്പിന്റെ പേര് കണ്ണാട്ട് രവി നിർദ്ദേശിച്ചു. പവിജ പത്മൻ പിൻതാങ്ങി. ബി.ജെ.പി പ്രതിനിധിയായ അരുൺകുമാർ കാടാംകുളത്തിന്റെ പേര് ഗിരീഷ് കുമാർ നിർദ്ദേശിക്കുകയും ശ്രീരാജ് പിൻതാങ്ങുകയും ചെയ്തു. മൂന്ന് സ്ഥാനാർത്ഥികളായതോടെ വോട്ടെടുപ്പ് വേണ്ടിവന്നു. എ.ഷാജുവിന് പതിനാറ് വോട്ടുകളും വി.ഫിലിപ്പിന് എട്ട് വോട്ടുകളും അരുൺകുമാറിന് അഞ്ച് വോട്ടുകളും ലഭിച്ചതോടെയാണ് കൂടുതൽ വോട്ടുകൾ നേടിയ എ.ഷാജുവിനെ നഗരസഭ ചെയർ‌മാൻ ആയി പ്രഖ്യാപിച്ചത്. തുടർന്ന് സത്യപ്രതിജ്ഞ നടന്നു. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ കെ.ബി.ഗണേശ് കുമാർ എം.എൽ.എ, കെ.എസ്.ഇന്ദുശേഖരൻ നായർ, വി.രവീന്ദ്രൻ നായർ, പി.കെ.ജോൺസൺ, എ.എസ്.ഷാജി എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ അനിത ഗോപകുമാറിനെ തിരഞ്ഞെടുത്തു.