കൊല്ലം: ലോട്ടറി ടിക്കറ്റിലെ അക്കം തിരുത്തി വിൽപ്പനക്കാരന്റെ അയ്യായിരം രൂപ കവർന്നു. കൊട്ടാരക്കര സദാനന്ദപുരത്ത് ലോട്ടറി വിൽപ്പന നടത്തുന്ന അമ്പലക്കര സ്വദേശി ഗോപിനാഥൻ ആചാരിയാണ് തട്ടിപ്പിനിരയായത്. ഇത് നാലാം തവണയാണ് കാഴ്ചക്കുറവുള്ള ഇദ്ദേഹത്തെ ഇത്തരത്തിൽ കബളിപ്പിച്ച് പണം തട്ടുന്നത്. ബൈക്കിലെത്തിയ ആൾ 1066 നമ്പർ ലോട്ടറി ടിക്കറ്റ് ഗോപിനാഥൻ ആചാരിയ്ക്ക് കൈമാറി അയ്യായിരം രൂപ ഭാഗ്യ സമ്മാനം അടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. തന്റെ പക്കലുള്ള സമ്മാനപ്പട്ടികയിൽ നോക്കി ഗോപിനാഥൻ ആചാരി ഇത് സ്ഥിരീകരിച്ചു. രണ്ടായിരം രൂപയ്ക്ക് ലോട്ടറി ടിക്കറ്റും മൂവായിരം രൂപ പണമായും നൽകിയതോടെ ബൈക്ക് യാത്രികൻ പോയി. തിരികെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഗോപിനാഥൻ ആചാരിക്ക് കബളിപ്പിക്കപ്പെട്ട വിവരം ബോദ്ധ്യമായത്. നമ്പരിൽ തിരുത്തൽ വരുത്തിയാണ് തട്ടിപ്പ് നടത്തിയത്. മുൻപ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടപ്പോൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് മോശം സമീപനമാണ് തന്നോട് നടത്തിയതെന്ന് അദ്ദേഹം പറയുന്നു. ആസ്മാ രോഗിയായ ഇദ്ദേഹം ലോട്ടറി ടിക്കറ്റ് വിറ്റുകിട്ടുന്ന ചെറിയ വരുമാനംകൊണ്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. കാഴ്ചക്കുറവുള്ളതിനാൽ കബളിപ്പിക്കാൻ എളുപ്പമായതാണ് തുടർച്ചയായി ഇദ്ദേഹത്തെ പറ്റിക്കാൻ ആളുകളെത്തുന്നത്.