 
കുണ്ടറ: ഇല്ലായ്മകൾക്ക് നടുവിലും സ്വന്തമായൊരു വീടെന്നത് മിനിയുടെ വലിയ സ്വപ്നമായിരുന്നു. പുതിയ വീടും വീടിനു മുന്നിലെ പന്തലിൽ മകളുടെ വിവാഹം നടക്കുന്നതും അവർ സ്വപ്നം കണ്ടിട്ടുണ്ടാവും. പഞ്ചായത്തിൽ നിന്ന് പണം അനുവദിച്ചപ്പോൾ കുറച്ച് മെച്ചപ്പെട്ട വീട് വേണമെന്ന ആഗ്രഹത്തിന് പുറത്താണ് മിനിയും കുടുംബവും വസ്തു പണയപ്പെടുത്തി വായ്പയെടുത്തത്. കടം കയറിയെന്നതല്ലാതെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനാവാതെയാണ് മിനി മടങ്ങിയത്. പഞ്ചായത്തിൽ നിന്നനുവദിച്ച പണത്തിൽ നിന്ന് മൂന്നു ഗഡു ലഭിച്ചു. അവസാന ഗഡു ഇനിയും ബാക്കിയാണ്. പെരുമ്പുഴ സർവീസ് സഹകരണ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തും മിനിയുടെ സ്വർണം പണയപ്പെടുത്തിയുമാണ് മെച്ചപ്പെട്ട വീട് നിർമ്മിക്കാൻ കുടുംബം പദ്ധതിയിട്ടത്. മകളുടെ വിവാഹമായിരുന്നു മിനിയുടെ മനസുനിറയെ. വീടിന്റെ നിർമ്മാണ ചുമതല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് ഗോപകുമാറാണ് ഏറ്റെടുത്തത്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയതുമില്ല, കൂടുതൽ തുക ചെലവഴിക്കേണ്ടിയും വന്നു. മകളുടെ വിവാഹം ഉറച്ചപ്പോൾ വീടെന്ന സ്വപ്നം എങ്ങുമെത്താതായത് മിനിയെ വല്ലാതെ വിഷമിപ്പിച്ചിരിക്കണം. സ്വപ്നങ്ങൾ ബാക്കിയാക്കി മിനി പോയതോടെ തകർന്നു പോയത് മക്കളാണ്.