 
കരുനാഗപ്പള്ളി: നഗരസഭയിൽ ചെയർമാനായി കോട്ടയിൽ രാജുവും വൈസ് ചെയർപേഴ്സണായി സുനിമോളും ചുമതലയേറ്റു. രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് എൽ.ഡി.എഫ് പ്രതിനിധിയായി കോട്ടയിൽ രാജുവിന്റെ പേര് പടിപ്പുര ലത്തീഫ് നിർദ്ദേശിച്ചു.റജി ഫോട്ടോപാർക്ക് പിൻതാങ്ങി. യു. ഡി. എഫ് പ്രതിനിധിയായി സിംലാലിന്റെ പേര് എം. അൻസാർ നിർദ്ദേശിച്ചു. ബീന ജോൺസൺ പിൻതാങ്ങി. എൻ .ഡി. എ പ്രതിനിധിയായി ശാലിനി കെ .രാജീവിന്റെ പേര് സതീഷ് തേവനത്ത് നിർദ്ദേശിച്ചു. ശ്രീഹരി പിൻതാങ്ങി.വോട്ടെടുപ്പിൽ കോട്ടയിൽ രാജുവിന് 25 വോട്ടും സിംലാലിന് 6 വോട്ടും ശാലിനി കെ. രാജീവിന് 4 വോട്ടും ലഭിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന നഗരസഭ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സുനിമോളുടെ പേര് എം. ശോഭന നിർദ്ദേശിച്ചു. റജി ഫോട്ടോപാർക്ക് പിന്താങ്ങി. യു .ഡി .എഫിൽ നിന്ന് റഹിയാനത്തിന്റെ പേര് ശിബു നിർദ്ദേശിച്ചു. സിംലാൽ പിൻതാങ്ങി.ബി .ജെ .പിയിലെ നിഷയുടെ പേര് ശാലിനി രാജീവ് നിർദ്ദേശിച്ചു.സതീഷ് തേവനത്ത് പിൻതാങ്ങി. തുടർന്ന് ചെയർമാനായി കോട്ടയിൽ രാജുവിനെയും വൈസ് ചെയർപേഴ്സണായി സുനി മോളെയും തിരഞ്ഞെടുത്തതായി വരണാധികാരി എസ് .സുശീല പ്രഖ്യാപിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ വരണാധികാരിയിൽ നിന്ന് സത്യവാചകം ഏറ്റുചൊല്ലി കോട്ടയിൽ രാജു ചെയർമാന്റെയും ചെയർമാനിൽ നിന്ന് സത്യവാചകം ചൊല്ലി സുനിമോൾ വൈസ് ചെയർപേഴ്സന്റെയും ചുമതലയേറ്റു.നഗരസഭാ സെക്രട്ടറി എ. ഫൈസൽ സ്വാഗതം പറഞ്ഞു. എ .ആർ. ഒ മാരായ മനോജ്കുമാർ, സിയാദ്, എൽ. ഡി. എഫ് നേതാക്കളായ സൂസൻകോടി, പി .ആർ .വസന്തൻ, പി .കെ .ബാലചന്ദ്രൻ ,ജെ .ജയകൃഷ്ണപിള്ള, ആർ. സോമൻ പിള്ള, കരിമ്പാലിൽ സദാനന്ദൻ,അഡ്വ .ബി. ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് ചേർന്ന അനുമോദന സമ്മേളനം ആർ രാമചന്ദ്രൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. സൂസൻ കോടി, സി .രാധാമണി, കടത്തൂർ മൻസൂർ,പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം. അൻസാർ, എൻ.ഡി .എ പാർലമെന്ററി പാർട്ടി ലീഡർ സതീഷ് തേവനത്ത്, രാജു ആതിര, അബ്ദുൽ സലാം അൽഹന തുടങ്ങിയവർ സംസാരിച്ചു.