 
കൊല്ലം. ഗുരുദേവന്റെ സംസ്കാരം ഉൾക്കൊള്ളാൻ ഗുരുദേവ ദർശനങ്ങൾ വായിച്ചു തന്നെ അറിയണമെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പറഞ്ഞു. ഗുരുദേവന്റെ ആജ്ഞാനുസരണം അവതരിപ്പിച്ച പ്രാക്കുളം പ്രമേയത്തിന്റെ നൂറാം വാർഷികം പ്രമാണിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ടി.ഡി. സദാശിവൻ രചിച്ച ശ്രീനാരായണഗുരുദേവനും പ്രാക്കുളം പ്രമേയവും എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും പ്രാക്കുളം ശ്രീ കുമാരമംഗലം ക്ഷേത്രം ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അനാചാരങ്ങളിൽ നിന്ന് നാടിനെ മോചിപ്പിക്കാനാണ് അദ്ദേഹം ജനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പി.എസ്. ഓങ്കാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഗ്രന്ഥകാരായ ടി.ഡി. സദാശിവൻ, ഡോ. മോഹൻദാസ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ ആദരിച്ചു. ശാഖാ സെക്രട്ടറി ആർ. സുഗതൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജയന്തി എന്നിവർ സംസാരിച്ചു.