photo
ശില്പി

കൊല്ലം: ബൈക്കിൽ കഞ്ചാവുമായെത്തിയ യുവാവ് പിടിയിൽ. തിരുവനന്തപുരം ആര്യനാട് കുറത്തിപ്പാറ ആകാശ് ഭവനിൽ ശില്പിയെയാണ് (30) റൂറൽ എസ്.പി നിയോഗിച്ച ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഭാഗത്തുനിന്ന് ബൈക്കിൽ കഞ്ചാവുമായി കുന്നത്തൂർ തുരുത്തിക്കരയിലേക്ക് രാത്രിയിൽ യുവാവ് വരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എം.സി റോഡിൽ ഡാൻസാഫ് ടീം നിലയുറപ്പിച്ചു. സംഘത്തെ കണ്ടതും ബൈക്കും കഞ്ചാവും ഉപേക്ഷിച്ച് ശില്പി ഓടി രക്ഷപെട്ടു. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ശില്പിയെ പിടികൂടിയത്. പ്രതിയെ കണ്ടെത്താൻ നാട്ടുകാരുടെ സഹായവും ലഭിച്ചു. ഒരു കിലോ അൻപത് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കൊട്ടാരക്കര പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.