
കൊല്ലം: കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാനെത്തിയ യുവാവ് കൊട്ടാരക്കര മൈലം ആക്കവിള പാറക്കുളത്തിൽ ചാടി മരിച്ചു. കൊട്ടാരക്കര വെണ്ടാർ മൂഴിക്കോട് ഗിരിജാ ഭവനത്തിൽ സന്തോഷ്- ഗിരിജ ദമ്പതികളുടെ മകൻ അജയ് ആണ് (22) മരിച്ചത്.
കൊട്ടാരക്കര പുലമണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന അജയ് ഞായറാഴ്ച രാത്രിയിലാണ് മൂന്ന് കൂട്ടുകാർക്കൊപ്പം പാറക്കുളത്തിന് സമീപം എത്തിയത്. മദ്യപിച്ച ശേഷം തിരികെ മടങ്ങാനൊരുങ്ങവെ താഴ്ചയുള്ള വിശാലമായ പാറക്കുളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിന് മൊഴി നൽകിയത്. രാവിലെ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പതിനൊന്നോടെ മൃതദേഹം കണ്ടെത്തിയത്.
പാറ പൊട്ടിച്ചതിനെ തുടർന്ന് രൂപപ്പെട്ട വലിയ കുളമാണിവിടം. ചെളി നിറഞ്ഞതും മരങ്ങൾ അടിഞ്ഞ് വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയതിനാൽ അജയിനെ കണ്ടെത്താനുള്ള ശ്രമം ദുഷ്കരമായിരുന്നു. കൊട്ടാരക്കര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം ഫയർ ഫോഴ്സ് സ്‌കൂബ ടീം അംഗങ്ങളായ വിജേഷ്, ശ്രീകുമാർ, വിപിൻ, അഭിലാഷ്, ദീപക് രാജേഷ്, ജയിംസ് എന്നിവരും കൊട്ടാരക്കര സ്റ്റേഷനിലെ രാജീവ്, ശ്രീജേഷ് എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു. കൊട്ടാരക്കര പൊലീസ് മേൽനടപടി സ്വീകരിച്ചു. സഹോദരൻ: അക്ഷയ്.