
പത്തനാപുരം: പത്ത് വർഷമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് തൂത്തുവാരി, ജീവനക്കാർക്ക് ചായയിട്ട് നൽകിയ താത്കാലിക ശുചീകരണ തൊഴിലാളി ഇനി ബ്ളോക്ക് പഞ്ചായത്ത് ഭരിക്കും. തലവൂർ വാർഡിൽ നിന്ന് പട്ടികജാതി ജനറൽ സീറ്റിൽ വിജയിച്ച തലവൂർ ഞാറക്കാട്ട് ശ്രീനിലയം വീട്ടിൽ ആനന്ദവല്ലിയെന്ന വല്ലി ചേച്ചിക്കാണ് അപ്രതീക്ഷിത സ്ഥാനക്കയറ്റം ലഭിച്ചത്.
മത്സരിക്കാൻ പലരുടെയും പേരുകൾ ഉയർന്നുവന്നെങ്കിലും എല്ലാവർക്കും ചിരപരിചിതയായ ആനന്ദവല്ലിയെയാണ് സി.പി.എം നേതൃത്വം സ്ഥാനാർത്ഥിയാക്കിയത്. യു.ഡി.എഫിലെ സുമ സോമനെ 654 വോട്ടിന് പിന്നിലാക്കിയാണ് ആനന്ദവല്ലി വിജയിച്ചത്.
ആര് പ്രസിഡന്റാകണമെന്ന ചർച്ച എൽ.ഡി.എഫിൽ സജീവമായപ്പോഴും നറുക്ക് തനിക്ക് വീഴുമെന്ന് ആനന്ദവല്ലി ഒരിക്കലും കരുതിയിരുന്നില്ല. 30ന് പ്രസിഡന്റായി സ്ഥാനമേൽക്കണമെന്ന് നേതൃത്വം അറിയിച്ചപ്പോഴും വല്ലിചേച്ചിക്ക് അമ്പരപ്പ്. അനുമോദനങ്ങളുമായി പാർട്ടി പ്രവർത്തകരും എത്തിയതോടെ നാടൊന്നാകെ ആഘോഷത്തിലായി.
ബ്ലോക്ക് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളി അതേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുന്നത് അപൂർവമായേക്കാം. സാധാരണ കുടുംബത്തിൽ ജനിച്ച ആനന്ദവല്ലി പ്രസിഡന്റ് പദവി ഏറ്റെടുക്കുമ്പോൾ നാടിനും ഇത് അഭിമാന നിമിഷമാണ്. പെയിന്റിംഗ് തൊഴിലാളിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ മോഹനനാണ് ഭർത്താവ്. ബിരുദ വിദ്യാർത്ഥിയായ മിഥുൻ മോഹൻ, പ്ലസ്ടു വിദ്യാർത്ഥിയായ കാർത്തിക് എന്നിവരാണ് മക്കൾ.
കക്ഷിനില
എൽ.ഡി.എഫ്: 7
യു.ഡി.എഫ്: 6