photo
പൊങ്ങൻ പാറ ടൂറിസം പദ്ധതിയിലേക്കുള്ള വഴി

49 ലക്ഷം രൂപ അനുവദിച്ചു

കൊല്ലം: നെടുവത്തൂർ പൊങ്ങൻപാറ ടൂറിസം പദ്ധതി ലക്ഷ്യം കണ്ടില്ല. പഞ്ചായത്തിന്റെ പുതിയ ഭരണസമിതിയിൽ പ്രതീക്ഷ അർപ്പിക്കുകയാണ് നാട്ടുകാർ. അതേസമയം ഇക്കുറി പ്രഖ്യാപിച്ച ടൂറിസം സർക്യൂട്ടിൽ പൊങ്ങൻപാറ ടൂറിസം ഉൾപ്പെട്ടിട്ടില്ലെന്നത് നിരാശ പടർത്തുന്നുണ്ട്. നെടുവത്തൂർ വെൺമണ്ണൂർ പൊങ്ങൻപാറയിലാണ് അഞ്ച് വർഷം മുൻപ് വിനോദ സഞ്ചാര പദ്ധതി ലക്ഷ്യമിട്ടത്. ഉയർന്നതും പരന്നതുമായ പാറപ്പുറം മനോഹരമാക്കി സഞ്ചാരികളെ ആകർഷിക്കാനാണ് പദ്ധതി ലക്ഷ്യം വച്ചത്. 49 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. തീർത്തും ഗ്രാമീണ അന്തരീക്ഷത്തിലേക്ക് ടൂറിസം പദ്ധതിയെത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് നാട് കാത്തിരുന്നത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി യാഥാർത്ഥ്യമായില്ല.

പാതിവഴിയിൽ നിലച്ച് നിർമ്മാണം

നിർമ്മാണ ജോലികൾ പാതിവഴിയിൽ നിലയ്ക്കുകയും ചെയ്തു. നിർമ്മാണത്തിലെ ക്രമക്കേടുകൾ താലൂക്ക് വികസന സമിതിയിലടക്കം വലിയ ചർച്ചയായി. തഹസീൽദാരും മറ്റ് ഉദ്യോഗസ്ഥരുമൊക്കെ പരിശോധനയ്ക്ക് വന്നുപോയെങ്കിലും തുടർ നടപടികളൊന്നുമായതുമില്ല. ജലസേചന വകുപ്പിനാണ് നിർമ്മാണ ചുമതല നൽകിയത്. 24.5 ലക്ഷം രൂപ കരാറുകാരന് നൽകിയിരുന്നു. എൺപത് ശതമാനം നിർമ്മാണ ജോലികൾ പൂർത്തിയായെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. എന്നാൽ ലക്ഷങ്ങൾ വെറുതെ പാഴാക്കുകയായിരുന്നുവെന്നും കാര്യമായ നിർമ്മാണ ജോലികൾ നടന്നിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. പഞ്ചായത്ത് ഭരണസമിതി വേണ്ട താത്പര്യമെടുക്കാഞ്ഞത് കൂടുതൽ പിന്നോട്ട് നയിച്ചു. ടൂറിസം പ്രവർത്തനങ്ങൾക്ക് അന്ന് നേതൃത്വം നൽകിയ ടൂറിസം പ്രൊമോഷൻ കൗൺസിൽ അംഗം ഇപ്പോൾ വെൺമണ്ണൂർ വാർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതാണ് വീണ്ടും പ്രതീക്ഷകൾക്ക് ചിറക് മുളയ്ക്കാൻ കാരണമായത്.

സാമൂഹ്യ വിരുദ്ധ ശല്യം

പൊങ്ങൻപാറയിൽ മദ്യപാനികളുടെ ശല്യം രൂക്ഷമാണ്. സമീപത്തുള്ള മഹാദേവർ‌ ക്ഷേത്രത്തെ കളങ്കപ്പെടുത്തുംവിധമാണ് ഇക്കൂട്ടരുടെ പ്രവർത്തനം. പൊങ്ങൻപാറയിൽ നിർമ്മിച്ച ശൗചാലയങ്ങളിൽ കാലി മദ്യക്കുപ്പികൾ നിറഞ്ഞത് വലിയ ചർച്ചാവിഷയമായിരുന്നു. ലഘു ഭക്ഷണ ശാലയുടെ ഷട്ടർ തുറന്നുകിടന്നതും സാമൂഹ്യ വിരുദ്ധർക്ക് ഉപകാരമായി മാറിയിരുന്നു. ഇനി അടുക്കും ചിട്ടയും വരുത്തി ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുമെന്നാണ് എല്ലാവരും പ്രതീക്ഷ അർപ്പിക്കുന്നത്. വൈദ്യുത വിളക്കുകളും കുടിവെള്ളവും എത്തിയ്ക്കേണ്ടതുണ്ട്.