
കൊട്ടിയം: ബൈക്ക് യാത്രികനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായി കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട പ്രതിയുൾപ്പെടെ മൂന്നുപേരെ ചൈന്നയിലെ ഒളിത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. അയത്തിൽ വലിയമാടം കളരി തെക്കതിൽ ശ്രീഹരി (21), ഇയാളെ ഒളിവിൽപ്പോകാൻ സഹായിച്ച കല്ലുംതാഴം മൈത്രി നഗർ ശാന്തി ഭവനിൽ പ്രശാന്ത് (24), വധശ്രമക്കേസിലെ കൂട്ടുപ്രതി പുതുച്ചിറ തൊടിയിൽ വീട്ടിൽ ഷൈൻ ബാബു (27) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജൂൺ 15ന് രാത്രി ഏഴ് മണിയോടെ ഡീസന്റ് മുക്കിൽ വച്ച് ബൈക്കിൽ വരികയായിരുന്ന അയത്തിൽ സ്വദേശി സമീറിനെ (44) ബൈക്കിൽ നിന്ന് തള്ളിയിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികളിൽ ആദർശ്, അരുൺകുമാർ, ശ്രീഹരി എന്നിവരെ കൊട്ടിയം പൊലീസും ഷാഡോ പൊലീസും ചേർന്ന് പിടികൂടിയിരുന്നു. പ്രതികളെ കൊട്ടിയം സ്റ്റേഷനിലെത്തിച്ചെങ്കിലും ശ്രീഹരി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇവിടെ നിന്ന് കടന്നു.
കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ശ്രീഹരി ഇപ്പോൾ പിടിയിലായ മറ്റുള്ളവർക്കൊപ്പം തിരുവനന്തപുരത്തെത്തി ട്രെയിനിൽ ചെന്നെയിലേക്ക് കടക്കുകയും അവിടെ ഒളിവിൽ കഴിയുകയുമായിരുന്നു. ഒളിത്താവളത്തെക്കുറിച്ച് കൊട്ടിയം എസ്.എച്ച്.ഒയുടെ ചുമതലയുള്ള വിപിൻ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ സുജിത്ത് ജി. നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സിറ്റി പൊലീസ് ഷാഡോ സംഘവും ചെന്നൈയിലെത്തി ഇവരെ പിടികൂടുകയായിരുന്നു.