mayor
കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ വികസന പ്രവർത്തനങ്ങൾ വിവരിക്കുന്നു

 100 ദിവസത്തിനുള്ളിൽ പ്രത്യേക കർമ്മ പദ്ധതി

 മൂന്ന് മാസത്തിനുള്ളിൽ മാസ്റ്റർ പ്ളാൻ

കൊല്ലം: എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് എല്ലാ വർഷവും പ്രോഗ്രസ് കാർഡ് പുറത്തിറക്കുമെന്ന് കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട് നൂറ് ദിവസത്തിനുള്ളിൽ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കും. മൂന്ന് മാസത്തിനുള്ളിൽ നഗരവികസനത്തിനുള്ള മാസ്റ്റർ പ്ലാനും തയ്യാറാക്കും. ഇതിനായി വിവിധ മേഖലകളിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഉപദേശകസമിതി രൂപീകരിക്കും.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രത തുടരും. കൊവിഡ് മുക്തരുടെ തുടർചികിത്സയ്ക്കായി ആരോഗ്യവകുപ്പുമായി ചേർന്ന് പോസ്റ്റ് കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കും. സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ എല്ലാ സ്കൂളുകളിലും പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ ഡിവിഷൻ കൗൺസിലർ, പി.ടി.എ പ്രസിഡന്റ്, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, നഴ്സ് എന്നിവരെ ഉൾപ്പെടുത്തി കൊവിഡ് സെല്ലുകൾ തുടങ്ങും. നഗരത്തിൽ സഞ്ചരിക്കുന്ന ലബോറട്ടറി തുടങ്ങും. വൈകാതെ അതിനെ സഞ്ചരിക്കുന്ന ആശുപത്രിയാക്കി മാറ്റും.

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 3000 പേർക്ക് വീട് നൽകി. ഇനി എണ്ണായിരം പേർ കൂടി ഭവനരഹിതരായുണ്ട്. ഭവന - ഭൂരഹിതരുടെ പുതിയ അപേക്ഷകളും വാങ്ങും. അഞ്ച് വർഷത്തിനുള്ളിൽ നഗരത്തെ ഭവന, ഭൂരഹിതരില്ലാത്ത ഇടമാക്കും. ദേശീയ ജലപാത നവീകരണം വേഗത്തിലാക്കാൻ ഇടപെടും. വിശപ്പുരഹിത നഗരമാക്കാൻ പൊതിച്ചോർ നൽകുന്ന കേന്ദ്രമോ സഞ്ചരിക്കുന്ന സംവിധാനമോ ഒരുക്കും. വരുന്ന അഞ്ച് വർഷക്കാലം കളങ്കരഹിതമായി പ്രവർത്തിക്കുമെന്നും പ്രസന്ന ഏണസ്റ്റ് പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് അജിത് ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.