
 20 രൂപയ്‌ക്ക് വിശപ്പടങ്ങി
കൊല്ലം: സാധാരണക്കാരന്റെ വിശപ്പടക്കാൻ 20 രൂപയ്ക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടലുകൾക്ക് സ്വീകാര്യതയേറുന്നു. ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ ജനകീയ ഹോട്ടൽ ശ്യംഖലയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇപ്പോൾ 73 ഹോട്ടലുകളുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളാണ് ജനകീയ ഹോട്ടലുകളിലൂടെ ഉച്ചഭക്ഷണം നൽകുന്നത്. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു ഹോട്ടലെങ്കിലും തുറക്കുകയാണ് ലക്ഷ്യം.
പുതിയ പ്രസിഡന്റുമാർ അധികാരമേൽക്കുന്നതോടെ ഗ്രാമ പഞ്ചായത്തുകളിലെ ഭരണപരമായ തടസങ്ങളൊഴിവാകും. ഇതോടെ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളും ജനകീയ ഹോട്ടൽ ശ്യംഖലയുടെ ഭാഗമാകും. മീൻ കറി ഉൾപ്പെടുന്ന ഊണിന് ഉപഭോക്താവ് 20 രൂപ നൽകുമ്പോൾ 10 രൂപ കുടുംബശ്രീ വഴി സർക്കാരും നൽകും. ഫലത്തിൽ സംരംഭക ഗ്രൂപ്പിന് ഒരു ഊണിന് 30 രൂപ ലഭിക്കും. മീൻ വറുത്തത് ഉൾപ്പെടെ മറ്റ് വിഭവങ്ങളും കുറഞ്ഞ വിലയിൽ ഹോട്ടലുകളിൽ ലഭ്യമാണ്. പ്രഭാത ഭക്ഷണം, രാത്രി ഭക്ഷണം എന്നിവയ്ക്ക് പ്രാദേശിക വില ഈടാക്കും.
 കുടുംബശ്രീ സബ്സിഡി 96 ലക്ഷം
ജനകീയ ഹോട്ടലുകളുടെ സംരംഭക ഗ്രൂപ്പുകൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ ഇതുവരെ സബ്സിഡിയായി നൽകിയത് 96 ലക്ഷം രൂപയാണ്. ഇതിൽ 10.5 ലക്ഷം രൂപ ഹോട്ടലുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ റിവോൾവിംഗ് ഫണ്ടാണ്. 8.55 ലക്ഷം ഊണിന് 10 രൂപ ക്രമത്തിൽ സബ്സിഡിയായാണ് ശേഷിക്കുന്ന 85.5 ലക്ഷം രൂപ നൽകിയത്.
 പ്രവർത്തനം ഇങ്ങനെ
1. കുടുംബശ്രീ സംരംഭക ഗ്രൂപ്പിനെ തദ്ദേശ സ്ഥാപനം കണ്ടെത്തും
2. ഹോട്ടൽ തുടങ്ങാനുള്ള സ്ഥലവും തദ്ദേശ സ്ഥാപനം കണ്ടെത്തി നൽകും
3. സംരംഭക ഗ്രൂപ്പിന് അരലക്ഷം രൂപ കുടുംബശ്രീ റിവോൾവിംഗ് ഫണ്ട്
4. ഇതുപയോഗിച്ച് പാത്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം
5. കെട്ടിടത്തിന്റെ വൈദ്യുതി- വെള്ളക്കരങ്ങൾ തദ്ദേശ സ്ഥാപനം അടയ്ക്കും
6. കുറഞ്ഞ വിലയിൽ സപ്ലൈകോയുടെ അരി ലഭ്യമാക്കും
7. ഹോട്ടലുകളുടെ ലാഭം പൂർണമായും സംരംഭക ഗ്രൂപ്പിന്
 ഉച്ചയൂണ്
വില: 20 രൂപ
കുടുംബശ്രീ സബ്സിഡി: 10 രൂപ (ഓരോ ഊണിനും)
സപ്ലൈകോ അരി വില: 10.80 രൂപ
 ജില്ലയിൽ ജനകീയ ഹോട്ടലുകൾ: 73
''
73 ഹോട്ടലുകൾ ഇപ്പോൾ പ്രവർത്തന സജ്ജമാണ്. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന പരിധികളിലും വൈകാതെ ജനകീയ ഹോട്ടലുകൾ തുറക്കും.
എ.ജി.സന്തോഷ്, കോ ഓർഡിനേറ്റർ
കുടുംബശ്രീ ജില്ലാ മിഷൻ