
കൊല്ലം: ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിലെ സാരഥികളെ ഇന്നറിയാം. രാവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് തിരഞ്ഞടുപ്പും നടക്കും. 44 ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫും 17 ഇടത്ത് യു.ഡി.എഫിനുമാണ് ഭരണം. നെടുവത്തൂരും കല്ലുവാതുക്കലും ബി.ജെ.പിയാണ് വലിയ ഒറ്റകക്ഷി.
പോരുവഴി, ഓച്ചിറ, മൺറോത്തുരുത്ത്, ആര്യങ്കാവ് , തൊടിയൂർ പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല. സ്വതന്ത്രന്മാരോ നറുക്കെടുപ്പോ ആകും ഇവിടെ നിർണായകമാവുക. തൊടിയൂരിൽ സ്വതന്ത്രന്റെ സഹായത്തോടെ ഇടതുമുന്നണി ഭരണത്തിന് ശ്രമിക്കുന്നുണ്ട്.
എൽ.ഡി.എഫിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ സി.പി.ഐയും സി.പി.എമ്മും പങ്കുവയ്ക്കും. സി.പി.ഐയ്ക്ക് അംഗങ്ങൾ കുറവുള്ള പഞ്ചായത്തുകളിൽ സി.പി.എം തന്നെ രണ്ട് സ്ഥാനങ്ങളും ഏറ്റെടുത്തേക്കും. പടിഞ്ഞാറെകല്ലട പഞ്ചായത്തിൽ ഇത്തരത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ തവണ സി.പി.ഐയ്ക്ക് അംഗങ്ങൾ കുറഞ്ഞ പഞ്ചായത്തുകളിൽ പോലും അവർക്ക് പദവികൾ നൽകിയിരുന്നു. ഇത്തവണ ചില പഞ്ചായത്തുകളിൽ സി.പി.ഐ പദവികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് കൂടി വരുന്നതിനാൽ സി.പി.ഐയെ പിണക്കാതെ സ്ഥാനങ്ങൾ നൽകി പരിഗണിക്കാനാണ് സാദ്ധ്യത. മറ്റ് ഘടക കക്ഷികൾക്ക് പദവികൾ നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
നെടുവത്തൂരും കല്ലുവാതുക്കലും ബി.ജെ.പി ഭരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ബി.ജെ.പിയെ ഭരണത്തിൽ നിന്ന് അകറ്റാൻ കോൺഗ്രസുമായി നീക്കുപോക്കുകൾ വേണ്ടെന്ന് ഇടതുമുന്നണി തീരുമാനിച്ചിട്ടുള്ളതിനാൽ ബി.ജെ.പി ഭരണത്തിലെത്തിയേക്കും. യു.ഡി.എഫ് പഞ്ചായത്തുകളിൽ ഭൂരിഭാഗത്തിലും കോൺഗ്രസിനാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ. ആർ.എസ്.പിയെയും ലീഗിനെയും ചിലയിടത്ത് പരിഗണിക്കുന്നുണ്ട്.
ഇടതിന് വലിയ ഭൂരിപക്ഷം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയുടെ അഡ്വ. സാം.കെ.ഡാനിയേലിനെയും വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ അഡ്വ. സുമ ലാലിനെയും ഇന്ന് തിരഞ്ഞെടുക്കും. 26 അംഗ ജില്ലാ പഞ്ചായത്തിൽ ഇടതുമുന്നണിക്ക് വലിയ ഭൂരിപക്ഷമുണ്ട്. മൂന്ന് അംഗങ്ങൾ മാത്രമാണ് യു.ഡി.എഫിനുള്ളത്. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തിടത്തും ഇടതുമുന്നണിക്കാണ് ഭരണം. സി.പി.എമ്മും സി.പി.എെയും പദവികൾ പങ്കിടും. ചവറ ബ്ലോക്ക് പഞ്ചയാത്ത് യു.ഡി.എഫിനാണ്. ഇവിടെ ആർ.എസ്.പിയും കോൺഗ്രസും സ്ഥാനങ്ങൾ വീതംവയ്ക്കും.