 
ഓടനാവട്ടം: തപാലിൽ അയച്ച സ്പീഡ് പോസ്റ്റ് നാളുകൾ കഴിഞ്ഞിട്ടും ഭദ്രമായിട്ട് അയച്ചിടത്ത് തന്നെ ഉണ്ടെന്ന് പറഞ്ഞാലോ.സ്പീഡ് പോസ്റ്റ് അയാലും സാധാ കത്ത് ആയാലും സമയത്തിന് കിട്ടില്ലെന്ന് മാത്രമല്ല, ആഴ്ചകൾ കഴിഞ്ഞാൽ പോലും എത്തേണ്ടിടത്ത് എത്തില്ല. പല വിലപ്പെട്ട രേഖകളും തപാൽ വഴി അയച്ച് കാത്തിരിക്കുന്നവർക്കും ഇതേ ദുരവസ്ഥയാണ് . കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസിന്റെ അധീനതയിൽ നെല്ലിക്കുന്നം മുതൽ കരിങ്ങന്നൂർ വരെയുള്ള മുപ്പതിലധികം വരുന്ന സബ്, ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിൽ അയക്കാൻ ഏല്പിക്കുന്ന ഉരുപ്പടികളെല്ലാം
കെട്ടിക്കിടക്കുന്നത് ഉദ്യോഗാർത്ഥികളെയും വിദ്യാർത്ഥികളെയുമൊന്നും കുറച്ചൊന്നുമല്ല ആശങ്കയിലാക്കുന്നത്.
ലോക്ക് ഡൗണിൽ കുടുങ്ങി
തപാൽ ഉരുപ്പടികൾ അന്നന്ന് അയക്കാതെ കെട്ടിക്കിടക്കുകയാണ്.സ്പീഡ് പോസ്റ്റിൽ അയയ്ക്കുന്ന കത്തുകൾക്കു പുറമേ മരുന്നുകൾ, ചെക്കുകൾ, ആർസി ബുക്കുകൾ എന്നിവയും ഉടമസ്ഥർക്ക് കിട്ടാൻ കാലതാമസം എടുക്കുന്നു.
ലോക്ക് ഡൗണിനെ തുടർന്നാണ് ഈ അവസ്ഥ രൂക്ഷമായത്.ആവശ്യക്കാർ ഓൺലൈൻ സൗകര്യം തേടുന്നുണ്ടെങ്കിലും പ്രധാന ഡോക്യുമെന്റുകളും മറ്റും തപാൽ വകുപ്പ് വഴി അയക്കുകയാണ് പതിവ്.
കൊട്ടാരക്കര താലൂക്കിലെ മിക്ക പോസ്റ്റ് ഓഫീസുകളും റൂറൽ പ്രദേശങ്ങളിൽ ആണ് ഉള്ളത്. ഇവിടങ്ങളിൽ കൊറിയർ സർവിസുകളില്ല. ഏക ആശ്രയം പോസ്റ്റ് ഓഫീസുകൾ തന്നെ.
വാഹന സൗകര്യമില്ല
സ്വകാര്യ ബസുകൾ, കെ. എസ്. ആർ. ടി .സി ബസുകൾ , പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വാഹനം എന്നിവ വഴി ആയിരുന്നു തപാൽ ഉരുപ്പടികൾ സബ് ഓഫീസുകളിൽ നിന്ന് ഹെഡ് ഓഫീസിൽ എത്തിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ സമയത്ത് വാഹനങ്ങളില്ലാതിരുന്നത് അതിന് തടസമായി. ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്ന് വാഹനം കിട്ടുന്ന മുറയ്ക്കാണ് ഇപ്പോഴും തപാൽ ഉരുപ്പടികൾ അയയ്ക്കുന്നത്. ഈ പ്രതിസന്ധിയ്ക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ പോസ്റ്റ് ഓഫീസുകൾ ഉപരോധിക്കുന്നതുൾപ്പടെയുള്ള സമര മാർഗങ്ങൾ ആരംഭിക്കുമെന്ന് നാട്ടുകാർ പറയുന്നു.
വൈകാതെ തീരുമാനമാകും
ലോക്ഡൗൺ വരെ പ്രൈവറ്റ് ബസുകളായിരുന്നു പോസ്റ്റൽ ഉരുപ്പടികൾ അന്നന്ന് കൊണ്ടുപോയിരുന്നത്. അതിന് ശേഷം അവർ സർവീസ് നിറുത്തിയതോടെ ഉരുപ്പടികൾ അയക്കാൻ സബ് ഓഫീസുകൾക്കു താമസം വരുന്നുണ്ട് താത്ക്കാലിക വാഹനങ്ങൾ അധിക ചാർജ് ഈടാക്കുന്നത്കാരണം അവ തുടരാൻ പ്രയാസമുണ്ട്. എങ്കിലും പല യിടങ്ങളിൽ നിന്ന് ഓട്ടോ വഴി ശേഖരിക്കുന്നുണ്ട്. ഡിവിഷൻ ഓഫീസിൽ നിന്നും ഇക്കാര്യത്തിൽ വൈകാതെ തീരുമാനമാകും
പോസ്റ്റ് മാസ്റ്റർ
ഹെഡ് പോസ്റ്റ് ഓഫീസ്, കൊട്ടാരക്കര. ..