
 ഗാർഹിക കുടിവെള്ള ടാപ്പ് പദ്ധതിക്ക് 2.28 കോടി രൂപ കൂടി
കൊല്ലം: ഫണ്ടിന്റെ അപര്യാപ്തതയെ തുടർന്ന് മുടങ്ങിയ നഗരസഭയുടെ ഗാർഹിക കുടിവെള്ള കണക്ഷൻ പദ്ധതി വൈകാതെ പുനരാരംഭിക്കും. പദ്ധതി പൂർത്തീകരണത്തിന് 2.28 കോടി രൂപ അനുവദിക്കാൻ അമൃത് ഉന്നതാധികാര സമിതി തീരുമാനിച്ചു.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുഘട്ടങ്ങളായി 15,800 വീടുകളിൽ കുടിവെള്ള ടാപ്പ് എത്തിക്കുകയാണ് കോർപ്പറേഷൻ ലക്ഷ്യം. ആദ്യഘട്ടമായി 10,000 കണക്ഷനുകൾ നൽകുന്ന പ്രവൃത്തി രണ്ട് വർഷം മുമ്പ് ആരംഭിച്ചിരുന്നു. വിതരണശൃംഖലയിൽ നിന്ന് വീടുകളിലേക്ക് പൈപ്പ്ലൈനിട്ട് ടാപ്പുകൾ സ്ഥാപിക്കുന്നതിന് ഏഴ് കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. ഗുണഭോക്താക്കളുടെ വീടുകൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ അകലത്തിലായതിനാൽ കൂടുതൽ ദൂരത്തിൽ പൈപ്പുകൾ സ്ഥാപിക്കേണ്ടി വന്നു. ഇതോടെ 8,300 കണക്ഷൻ നൽകിയപ്പോൾ തന്നെ ഏഴ് കോടി രൂപ തീർന്നു. പദ്ധതി മുടങ്ങിയതോടെ കൂടുതൽ പണം അനുവദിക്കാൻ നഗരസഭ അമൃത് ഉന്നതാധികാര സമിതിയെ സമീപിക്കുകയായിരുന്നു.
കോർപ്പറേഷൻ ഉപേക്ഷിച്ച വസൂരിച്ചിറയിലെ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണത്തിനായി നീക്കിവച്ച തുകയിൽ നിന്നാണ് 2.28 കോടി രൂപ പദ്ധതിക്ക് അനുവദിച്ചത്. രണ്ടാംഘട്ടമായി 5,800 കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഇതിനായി 7.9 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
ആദ്യഘട്ടം: 10,000 കണക്ഷൻ
പദ്ധതി തുക: 7+2.28 കോടി രൂപ
ഇതുവരെ നൽകിയത്: 8,300
രണ്ടാംഘട്ടം: 5,800 കണക്ഷൻ
പദ്ധതി തുക: 7.9 കോടി
ഇതുവരെ നൽകിയത്: 1,200