chekpost

 കണക്കിൽപ്പെടാത്ത 6,500 രൂപ പിടിച്ചെടുത്തു

കൊല്ലം: ആര്യങ്കാവിലെ മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത തുക കണ്ടെത്തി. 28ന് രാത്രി 11.45ന് വിജിലൻസ് ഇൻസ്‌പെക്‌ടർ എസ്. സാനിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6,500 രൂപയാണ് കണ്ടെത്തിയത്.

തൃപ്‌തികരമായ മറുപടി ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചില്ല. വാഹനം കടത്തിവിടൻ ലോറിക്കാരിൽ നിന്ന് വാങ്ങിയ കൈക്കൂലി പണമാണെന്ന നിഗമനത്തിൽ തുക പിടിച്ചെടുത്ത് ട്രഷറിയിൽ അടച്ചു. ആര്യങ്കാവ് മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ പൊലീസ് മേധാവി, ദക്ഷിണമേഖലാ ഡി.ഐ.ജി മുഖേനെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ നിർദേശിച്ചത്.

തെന്മലയിലെ നാഗരാജൻ എന്നയാൾ തമിഴ്നാട്ടിൽ നിന്ന് മോട്ടോർ വാഹന ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്ന ചരക്ക് ലോറികളിൽ നിന്ന് സ്ഥിരമായി പിരിവ് നടത്തി ഒരു വിഹിതം ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് നൽകുന്നുവെന്നാണ് വിജിലൻസിന് ലഭിച്ച വിവരം.

28ന് രാത്രി 10ന് ആര്യങ്കാവ് ചെക്ക് പോസ്റ്റ് പരിസരത്ത് എത്തിയ വിജിലൻസ് സംഘം നടത്തിയ രഹസ്യാന്വേഷണത്തിൽ നാഗരാജൻ ലോറിക്കാരിൽ നിന്ന് പിരിവ് നടത്തുന്നതായി ബോദ്ധ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു പരിശോധന. നാഗരാജനെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് വിജിലൻസ് കൊല്ലം യൂണിറ്റ് ഡിവൈ.എസ്.പി അറിയിച്ചു. പരിശോധനാ സംഘത്തിൽ പുനലൂർ സബ് രജിസ്ട്രാർ ടി.എം.ഫിറോസ്, വിജിലൻസ് എസ്.ഐ വി.എസ്. അശോക് കുമാർ, എ.എസ്.ഐ ജയഘോഷ്, സിവിൽ പൊലീസ് ഓഫീസർ ദീപൻ, ദേവരാജൻ എന്നിവരുമുണ്ടായിരുന്നു.