
 കർശന നടപടിക്ക് നിർദേശിച്ച് ജില്ലാ ഭരണകൂടം
കൊല്ലം: അനുമതിയില്ലാതെ പതുവർഷ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ധാരണ. ആഘോഷങ്ങൾക്ക് പൊലീസിന്റെയോ ദുരന്ത നിവാരണ അതോറിറ്റിയുടെയോ മുൻകൂർ അനുമതി വാങ്ങണം. നിയന്ത്രണം ലംഘിച്ചാൽ പൊലീസ് ഇടപെടൽ ഉണ്ടാകും. അതിവ്യാപന ശേഷിയുള്ള പുതിയ വൈറസിന്റെ സാന്നിദ്ധ്യം കൂടി രാജ്യത്ത് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിർദേശത്തിലാണ് സംസ്ഥാനം. അതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ അവഗണിക്കുന്ന ഒരു തരത്തിലുമുള്ള കൂട്ടായ്മകളും അനുവദിക്കില്ല. 
പുതുവർഷത്തെ വരവേൽക്കാൻ യുവാക്കളും കുടുംബങ്ങളും ഒത്തുകൂടാൻ സാദ്ധ്യതയുള്ള കൊല്ലം, പരവൂർ, അഴീക്കൽ ബീച്ചുകളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും വാഹന നിയന്ത്രണം ഉറപ്പാക്കും. ഇതിനായി കൂടുതൽ പൊലീസിനെ വിന്യസിക്കും. പുതുവർഷ രാത്രിയിലെ നിയന്ത്രണങ്ങൾക്കായി കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിലെ ഏതാണ്ടെല്ലാ പൊലീസ് ഉദ്യോഗസ്ഥരും നിരത്തിലുണ്ടാകും. പള്ളികൾ, വ്യാപാര കേന്ദ്രങ്ങൾ, ആഘോഷങ്ങൾക്കായി ജനങ്ങൾ ഒത്തുകൂടാൻ ഇടയുള്ള ഹാളുകൾ, പൊതു മൈതാനങ്ങൾ എന്നിവിടങ്ങൾ നിരീക്ഷണത്തിലായിരിക്കും.
ആരോഗ്യ വകുപ്പും പൊലീസും കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് തുടർച്ചയായ ബോധവത്കരണവും അനൗൺസ്‌മെന്റുകളും നടത്തും. മദ്യ ലഹരിയിൽ വാഹനം പായിക്കുന്നവരെ അപകടമുണ്ടാക്കും മുൻപ് പിടികൂടാൻ ആവശ്യമായ പൊലീസ് നിശ്ചിത അകലത്തിൽ നിരത്തിലുമുണ്ടാകും. പട്രോളിംഗ് വാഹനങ്ങൾ ഇടറോഡുകളിലൂടെ ഉൾപ്പെടെ നിരന്തരം സഞ്ചരിക്കും. പുതുവർഷ രാത്രിയിൽ അപകടങ്ങളിൽ പരിക്കേറ്റ് ആരെയെങ്കിലും എത്തിച്ചാൽ അടിയന്തര ചികിത്സ നൽകാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ സർക്കാർ - സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകി.