photo
മൂഴിക്കോട് ചിറ

കൊല്ലം: വേനൽക്കാലം അടുക്കുമ്പോഴും നാടിന്റെ ജലസ്രോതസായ കോട്ടാത്തല മൂഴിക്കോട് ചിറയ്ക്ക് ശാപമോക്ഷമില്ല. വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചെലവാക്കി സംരക്ഷണവേലി നിർമ്മിച്ചതൊഴിച്ചാൽ ചിറയുടെ കാര്യത്തിൽ അധികൃതർ പുറംതിരിഞ്ഞ് നിൽക്കുകയാണ്. കൊട്ടാരക്കര - പുത്തൂർ റോഡരികിൽ മൂഴിക്കോട് ജംഗ്ഷന് സമീപത്താണ് മൈലം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ ചിറ സ്ഥിതിചെയ്യുന്നത്. ചിറയിലെ വെള്ളം തീർത്തും മലിനമാണെന്നാണ് പ്രദേശവാസികൾ പറയുന്നു. പായൽ മൂടുകയും ചുറ്റും കുറ്റിക്കാടുകൾ വളരുകയും ചെയ്തതോടെയാണ് ചിറ തീർത്തും ഉപയോഗശൂന്യമായത്. മൂന്നാൾ പൊക്കത്തിൽ നിർമ്മിച്ച സംരക്ഷണവേലിയും കാടുമൂടി. റോഡരികിൽ ചിറയ്ക്ക് മറവുണ്ടായെങ്കിലും മറ്റ് വശങ്ങളിലൂടെ ചിറയിലെത്താനാകുമെന്നത് മദ്യപൻമാർക്ക് അനുഗ്രഹമായി. പുറമേ നിന്ന് ആരും കാണാത്തവിധം സ്വസ്ഥമായി മദ്യപിക്കാനുള്ള ഇടമായി ചിറയുടെ പരിസരം മാറുകയും ചെയ്തു. ചിറ വൃത്തിയാക്കാൻ പഞ്ചായത്തിന്റെ പുതിയ ഭരണസമിതിയിൽ പ്രതീക്ഷ അർപ്പിക്കുകയാണ് പ്രദേശവാസികൾ.

വറ്റാത്ത നീരുറവ

വർഷങ്ങൾക്ക് മുൻപ് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത എലിപ്പത്തായമെന്ന സിനിമയിൽ ഈ ചിറ ഇടം നേടിയിട്ടുണ്ട്. വേനൽക്കാലത്തും ചിറയിലെ വെള്ളം വറ്റാറില്ല. മുമ്പ് പ്രദേശവാസികൾ തുണി അലക്കാനും കുളിക്കാനും ചിറയെയാണ് ആശ്രയിച്ചിരുന്നത്. ഇടക്കാലത്ത് വൃത്തിയാക്കിയപ്പോൾ നീന്തൽ കുളമായും മാറിയിരുന്നു. ചിറയിലെ ജലത്തെ ആശ്രയിച്ചുമാത്രം വേനൽക്കാല കൃഷി നടത്തിയിരുന്ന ഏലായാണ് ഇതിനടുത്തുള്ളത്. മഴക്കാലത്തും വേനൽക്കാലത്തും ചിറയിൽ നിന്നുള്ള വെള്ളം റോഡിന്റെ അടിയിലൂടെ നിർമ്മിച്ച കനാൽ വഴി ഏലായിലേക്ക് തുറന്നുവിടാറുണ്ടായിരുന്നു. കാർഷികാവശ്യങ്ങൾക്ക് വലിയ രീതിയിൽ ഇത് പ്രയോജനം ചെയ്തിരുന്നു. ഇപ്പോൾ അതും നിലച്ചതോടെ കർഷകർ പ്രതിസന്ധിയിലാണ്.

അപകടങ്ങളൊഴിഞ്ഞു

റോഡരികിലായി ചിറ കാണാനാകാത്ത വിധം മൂന്നാൾ പൊക്കത്തിൽ ഇരുമ്പുവേലി നിർമ്മിച്ചതോടെ അപകടങ്ങൾ കുറഞ്ഞിട്ടുണ്ട്. മുൻപ് പലപ്പോഴും ചിറയിലേക്ക് വാഹനം മറിഞ്ഞും അല്ലാതെയുമായി അപകടങ്ങൾ സംഭവിക്കാറുണ്ടായിരുന്നു. നിരവധിപേർ‌ മരണപ്പെട്ടിട്ടുമുണ്ട്. അത്തരം വാർത്തകൾ ഇപ്പോൾ കേൾക്കാനില്ലെന്ന ആശ്വാസമാണ് നാട്ടുകാർക്കുള്ളത്.