 
കൊല്ലം: കൊച്ചേരിമുക്കിലെ കാലിത്തീറ്റ കടയിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. പോരുവഴി അമ്പലത്തുംഭാഗം കാരൂർ വീട്ടിൽ ഫിറോസിന്റെ (37) കടയിലും വീട്ടിലും നടത്തിയ പരിശോധനയിലാണ് 65,000 രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. കൊച്ചേരിമുക്കിലെ പ്രതിയുടെ വീട്ടിന്റെ പുറകിലെ ഉപയോഗശൂന്യമായ ബാത്ത്റൂമിൽ പരിശോധന നടത്തിയപ്പോഴാണ് 1200 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ രണ്ട് ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സമാനമായ കേസുകളിൽ ഫിറോസിനെ മുൻപ് നാല് തവണ പൊലീസ് പിടികൂടിയിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിരോധിത പുകയില ഉത്പന്നം വിറ്റതുവഴി ലഭിച്ച 13,500 രൂപയും പ്രതിയിൽ നിന്ന് കണ്ടെടുത്തു. ചെറിയ തുകയ്ക്ക് തമിഴ്നാട്ടിൽ പോയി കൊണ്ടുവരുന്ന പുകയില ഉത്പന്നങ്ങൾ വൻതുകയ്ക്കാണ് പ്രതി വിറ്റിരുന്നത്. ഫിറോസിന്റെ കടയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ പി. ശ്രീജിത്ത്, എ.എസ്.ഐമാരായ ഹരി, ശിവകുമാർ, മധു, സി.പി.ഒ. അരുൺ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.