കൊട്ടിയം: പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്ത മധുരക്കിഴങ്ങിന് നൂറുമേനി വിളവ്. ജൈവകേദാരം കാർഷിക കൂട്ടായ്മയാണ് വടക്കേവിള യൂനുസ് എൻജിനീയറിംഗ് കോളേജിന് സമീപം മണക്കാട് നഗറിലെ കൃഷിയിടത്തിൽ മധുരവിളവ് കൊയ്തത്.
ആറുമാസം മുൻപാണ് കൂട്ടായ്മ പ്രസിഡന്റ് കൊല്ലൂർവിള സുനിൽ ഷാ, സെക്രട്ടറി കല്ലുംമൂട്ടിൽ ഷിഹാബുദ്ദീൻ തുടങ്ങി ഏഴുപേർ ചേർന്ന് കൃഷി ആരംഭിച്ചത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന കൂട്ടായ്മയിലെ അംഗങ്ങൾ തൊഴിലിന്റെ ഇടവേളകളിലും അവധി ദിവസങ്ങളിലും ഒത്തുകൂടിയാണ് കൃഷി നടത്തുന്നത്. നേരത്തെ കപ്പലണ്ടി, പയർ കൃഷികളിലും നൂറുമേനി വിളവ് ലഭിച്ചിരുന്നു. ക്വാളിഫ്ലവർ, മരച്ചിനി, ചീര, പച്ചമുളക്, വെണ്ട, വെള്ളരി തുടങ്ങിയവയും കൃഷിയിടത്തിലുണ്ട്.
മുൻ വില്ലേജ് ഓഫീസർ ഷാഹുൽ ഹമീദ്, വ്യവസായി ദമാം വാഹിദ് എന്നിവർ ചേർന്ന് മധുരക്കിഴങ്ങിന്റെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിമുക്ക് യൂണിറ്റ് സെക്രട്ടറി ഷാനവാസ്, കെ.എസ്.എം.എ ജില്ലാ ഭാരവാഹി ഇക്ബാൽ കാവൽപ്പുര, ജൈവകേദാരം കാർഷിക കൂട്ടായ്മ ജനറൽ സെക്രട്ടറി കല്ലുംമൂട്ടിൽ ഷിഹാബുദ്ദീൻ, വിവിധ ഭാരവാഹികളായ സലിം തുണ്ടുവിള, എം.എച്ച്. സാബിർ, നഹാസ് പറമ്പി, അഷറഫ് ജലീൽ, സൈഫുദ്ദീൻ കുലക്കട തുടങ്ങിയവർ പങ്കെടുത്തു.