 
തഴവ: തഴവയിലെ രണ്ട് പട്ടികജാതി - വർഗ സഹകരണ സംഘങ്ങൾ തകർച്ചയിൽ. പാവുമ്പ വടക്ക് - തെക്ക് പട്ടികജാതി സഹകരണ സംഘങ്ങളാണ് അധികൃതരുടെ അനാസ്ഥ മൂലം പ്രവർത്തനക്ഷമമല്ലാതായത്. പാവുമ്പ തെക്ക് സഹകരണ സംഘം പട്ടികജാതി വിഭാഗത്തിന് വിവിധ കാർഷിക ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിച്ചത്. ഇവിടെ അംഗങ്ങളായ കർഷക തൊഴിലാളികളെ തൊഴിൽ മേഖലയിലാവശ്യമായ ഉപകരണങ്ങൾ നൽകി സഹായിക്കുന്നതിന് സർക്കാർ സഹായത്തോടെ നിരവധി പദ്ധതികളും ആവിഷ്കരിച്ചിരുന്നു. നേരത്തേ ട്രാക്ടറും വിവിധ കാർഷിക ഉപകരണങ്ങളും വാങ്ങി കാര്യക്ഷമമായി കർഷകരെ സഹായിക്കുകയും ചെയ്തിരുന്നു. എന്നാൽ വിവിധ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സംഘം അടഞ്ഞു കിടക്കുകയാണ്. ഇതോടെ ഈ സംഘത്തെ ആശ്രയിച്ചിരുന്ന നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യർക്ക് വിവിധ തൊഴിൽ പരിശീലനങ്ങൾ നൽകുന്നതിനായി ആരംഭിച്ച പാവുമ്പാ വടക്ക് സഹകരണ സംഘത്തിന്റെയും നിലവിലെ അവസ്ഥ പരിതാപകരമാണ്.
പുതിയ ഭരണ സമിതിയിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ
തഴവ ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രതിനിധി ഇന്ന് പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ തഴവയിലെ രണ്ട് പട്ടികജാതി - വർഗ സഹകരണ സംഘങ്ങളും മോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട കർഷകരുടെ പ്രതീക്ഷ ഇന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന വി. സദാശിവനിലാണ്. പിന്നാക്ക പട്ടികജാതി വിഭാഗക്കാർ കൂടുതലുള്ള പാവുമ്പയിൽ പുതിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുൻകൈയെടുത്ത് അടിസ്ഥാന വികസനത്തിന് പുതിയ മാതൃക കൊണ്ടുവരുമെന്നാണ് നാട്ടുകാരുടെ കണക്കുകൂട്ടൽ.
കാർഷിക ഉപകരണങ്ങൾ നശിച്ചു
വർഷങ്ങളായി സംഘം തുറക്കാതായതോടെ കെട്ടിടം ജീർണിച്ച് ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ്. ഇതിന് പുറമേ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ട്രാക്ടർ ,കൊയ്ത്ത് - മെതി യെന്ത്രം, കാർഷിക ഉപകരണങ്ങൾ എന്നിവ ഉപയോഗമില്ലാതെ തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കാടുകയറി പൂർണമായും നശിച്ചതോടെ കർഷകർ നിരാശയിലാണ്.