fire

കൊല്ലം: വർഷങ്ങൾക്ക് മുൻപ് വിറ്റ പെട്ടി ഓട്ടോയുടെ ഫിനാൻസ് മുടങ്ങിയതിൽ മനംനൊന്ത് യുവാവ് ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുളവന സ്വദേശിയായ സുനിൽകുമാറാണ് ആത്മഹത്യാശ്രമം നടത്തിയത്.

ഇന്നലെ വൈകിട്ട് മൂന്നോടെ അയത്തിൽ ഇണ്ടിളയപ്പൻ കാവിന് സമീപത്തായിരുന്നു സംഭവം. ഫിനാൻസ് തുക കൂടി അടയ്ക്കണമെന്ന് മുദ്രപത്രത്തിൽ കരാറുണ്ടാക്കി സുനിൽകുമാർ സ്വന്തം പെട്ടി ഓട്ടോ രണ്ട് വർഷം മുൻപ് വിറ്റു. ഇതിനിടെ പെട്ടി ഓട്ടോ പല കൈമറിഞ്ഞു. പക്ഷെ വാങ്ങിയവരാരും കരാർ പ്രകാരം ഫിനാൻസ് അടച്ചില്ല.

ഇതോടെ ഫിനാൻസ് കമ്പിനിക്കാർ സുനിൽകുമാറിനെ തേടിയെത്തി. ഓട്ടോ വാങ്ങിയവരോട് പലതവണ പറഞ്ഞിട്ടും ഫിനാൻസ് തുക അടയ്ക്കാൻ തയ്യാറായില്ലെന്ന് സുനിൽ കുമാറിന്റെ ബന്ധുക്കൾ പറയുന്നു. പൊലീസിലും പരാതി നൽകി. എന്നിട്ടും ഫലമില്ലാതെ വന്നതോടെയാണ് ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചത്. അൻപത് ശതമാനത്തോളം പൊള്ളലേറ്റ സുനിൽകുമാർ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. പൊള്ളലേറ്റയാളുടെ മൊഴി എടുക്കാനായിട്ടില്ലെന്നും പ്രാഥമികാന്വേഷണം ആരംഭിച്ചതായും ഇരവിപുരം പൊലീസ് പറഞ്ഞു.