
 ജില്ലയിൽ ഭരണത്തിലെത്തുന്ന ആദ്യ പഞ്ചായത്ത്
കൊല്ലം: ജില്ലയിൽ ആദ്യമായി ഒരു തദ്ദേശ സ്ഥാപന ഭരണം ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്ക് ലഭിച്ചു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലാണ് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾ പ്രസിഡന്റായും വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടത്. വട്ടക്കുഴിക്കൽ നിന്ന് വിജയിച്ച സുദീപയാണ് പ്രസിഡന്റ്. മേവനക്കോണത്ത് നിന്ന് വിജയിച്ച എസ്. സത്യപാലനാണ് വൈസ് പ്രസിഡന്റ്.
23 വാർഡുകളുള്ള പഞ്ചായത്തിൽ 9 സീറ്റുകളിൽ വിജയിച്ച് എൻ.ഡി.എ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. യു.ഡി.എഫ് എട്ടും എൽ.ഡി.എഫ് ആറും സീറ്റുകളിൽ ഒതുങ്ങി. എൻ.ഡി.എയെ മാറ്റിനിറുത്താൻ എൽ.ഡി.എഫും യു.ഡി.എഫും കൈകോർക്കുമെന്ന് പ്രചരണമുണ്ടായിരുന്നെങ്കിലും നടന്നില്ല. ഇന്നലെ നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും പ്രത്യേകം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളെ നിറുത്തി മത്സരിച്ചു.
മുഴുവൻ എൻ.ഡി.എ അംഗങ്ങളുടെയും വോട്ട് നേടിയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ പിടിച്ചത്. ഇതോടെ 1995 മുതൽ കല്ലുവാതുക്കൽ പഞ്ചായത്തിൽ തുടർച്ചയായി 25 വർഷം നീണ്ടുനിന്ന എൽ.ഡി.എഫ് ഭരണത്തിന് വിരാമമായി.
 2015ലെ കക്ഷിനില
എൽ.ഡി.എഫ്: 11
യു.ഡി.എഫ്: 8
ബി.ജെ.പി: 4