
ബ്ളോക്ക് പ്രസിഡന്റായത് ഓഫീസിലെ ശുചീകരണ തൊഴിലാളി
പത്തനാപുരം: പത്തുവർഷം പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് തൂത്തുവാരിയ ശുചീകരണ തൊഴിലാളിയായ ആനന്ദവല്ലി ഇന്നലെ അതേ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി സത്യവാചകം ചൊല്ലി അധികാരമേറ്റു.
തലവൂർ ഡിവിഷനിൽ നിന്ന് പട്ടികജാതി ജനറൽ സീറ്റിൽ സി.പി.എം പ്രതിനിധിയായാണ് ആനന്ദവല്ലി വിജയിച്ചത്. വിളക്കുടയിലെ സി.പി.എം പ്രതിനിധി സി. വിജയൻ ആനന്ദവല്ലിയുടെ പേര് നിർദേശിച്ചു. കേരളാ കോൺഗ്രസ് എം പ്രതിനിധി ആർ. ആരോമലുണ്ണി പിന്താങ്ങി. 13 അംഗ കൗൺസിലിൽ ഏഴ് വോട്ട് നേടിയാണ് വിജയിച്ചത്. പിറവന്തൂർ ഡിവിഷനിൽ നിന്ന് വിജയിച്ച ആർ. ആരോമലുണ്ണി വൈസ് പ്രസിഡന്റായി ചുമതലയേറ്റു.
വരണാധികാരിയായ പുനലൂർ ഡി.എഫ്.ഒ എ. ഷാനവാസ് ആനന്ദവല്ലിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോൾ സാക്ഷിയാകാൻ അമ്മ കാർത്തികയും പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവ് മോഹനനും മക്കളായ മിഥുൻ മോഹനും (ബിരുദ വിദ്യാർത്ഥി) കാർത്തികും (പ്ലസ്ടു വിദ്യാർത്ഥി) അടക്കം വലിയ ജനസമൂഹം കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
തലവൂരിലെ പട്ടികജാതി ജനറൽ സീറ്റിൽ മത്സരിക്കാൻ പലരുടെയും പേരുകൾ ഉയർന്നെങ്കിലും ഒടുവിൽ സി.പി.എം നേതൃത്വം ആനന്ദവല്ലിയെ തീരുമാനിക്കുകയായിരുന്നു. യു.ഡി.എഫിലെ സുമ സോമനെ 654 വോട്ടിന് പിന്നിലാക്കിയാണ് ആനന്ദവല്ലി വിജയിച്ചത്.
200 രൂപ ദിവസ വേതനത്തിലാണ് ആനന്ദവല്ലി ഇവിടെ ജോലി ചെയ്തിരുന്നത്. ബ്ലോക്ക് ഓഫീസും പരിസരവും തൂത്ത് വൃത്തിയാക്കുന്നതും ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ചായ തയ്യാറാക്കി നൽകുന്നതുമായിരുന്നു ജോലി. അവിടെ നിന്ന് പത്തനാപുരത്തിന്റെ പ്രഥമ വനിതയായി മാറുമ്പോൾ നാടിന് അഭിമാനമാവുകയാണ് ആനന്ദവല്ലി.