
 കരുനാഗപ്പള്ളി ഗ്യാസ് ടാങ്കർ ദുരന്തത്തിന് ഇന്ന് പതിനൊന്നാണ്ട്
കൊല്ലം: ഓരോ പുതുവർഷത്തലേന്നും ആ കറുത്ത ദിനത്തിന്റെ നെഞ്ചിടിപ്പിലാണ് ജില്ല. ഉഗ്രസ്‌ഫോടനത്തിന്റെ അലയടികളും തീഗോളവും ഇന്നും പേടിപ്പെടുത്തുന്നു. ദുരന്തത്തിൽ രക്തസാക്ഷികളായവരിൽ ചിലർ ഇന്നും ദുരിതങ്ങളോട് മല്ലടിക്കുന്നു.
കരുനാഗപ്പള്ളി പുത്തൻ തെരുവിൽ പതിനെട്ട് ടൺ പാചക വാതകം നിറച്ച ടാങ്കർ ലോറി അപകടത്തിൽപ്പെട്ടതിന് ഇന്ന് പതിനൊന്നാണ്ട് തികയും. 2009 ഡിസംബർ 31 വ്യാഴാഴ്ച പുലർച്ചെ നാലോടെയായിരുന്നു ദുരന്തം.
മംഗലാപുരത്ത് നിന്ന് പാരിപ്പള്ളിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ളാന്റിലേക്ക് പാചക വാതകവുമായി വരികയായിരുന്നു ടാങ്കർ ലോറി. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ഓച്ചിറയ്ക്ക് പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്. ലോറി റോഡിന് കുറുകെ മറിഞ്ഞു. ക്യാബിനും ടാങ്കറും വേർപെട്ടു. പാചക വാതകം ചോരാൻ തുടങ്ങി.
അര മണിക്കൂറിന് ശേഷം അത്യുഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി. രക്ഷാ പ്രവർത്തനത്തിന് എത്തിയ ചവറ പൊലീസ് സ്റ്റേഷനിലെ ജീപ്പ് പൂർണമായും കത്തി. രക്ഷകരായി എത്തിയവർ ഉൾപ്പെടെ പന്ത്രണ്ട് പേർ മരിച്ചുവീണു. 21 പേർക്ക് ഗുരുതര പരിക്കേറ്റു. നിരവധി കടകളും അൻപതിൽപ്പരം ബൈക്കുകളും അഗ്നിക്കിരയായി. കൊല്ലം- ആലപ്പുഴ ദേശീയപാതയിൽ പത്ത് മണിക്കൂർ ഗതാഗതം സ്തംഭിച്ചു. നാല് കിലോ മീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. നീണ്ട ആറു മണിക്കൂറത്തെ പരിശ്രമത്തിന് ശേഷമാണ് തീയണച്ചത്. രണ്ടേകാൽ കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കി.
 12 രക്തസാക്ഷികൾ
ചവറ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ചെറിയഴീക്കൽ ആലുംമൂട് വീട്ടിൽ സുനിൽ കുമാർ, കോൺസ്റ്റബിൾ ചവറ കോട്ടയ്ക്കകം വിളയ്ക്കാട്ട് വീട്ടിൽ പ്രദീപ് കുമാർ, ചിറ്റുമൂല സജീവ് മൻസിലിൽ റഷീദ്, കടത്തൂർ ബിൻഷാദ് മൻസിലിൽ ബിജു, കുലശേഖരപുരം പ്ളാവള്ളി പടീറ്റതിൽ അഷ്റഫ്, പുന്നക്കുളം വലിയത്തുവീട്ടിൽ അബ്ദുൾ സമദ്, കടത്തൂർ താഴെ കിഴക്കതിൽ നാസർ, കായംകുളം ഫയർസ്റ്റേഷനിലെ ഫയർമാൻ സമീർ, പുത്തൻതെരുവ് വെസ്റ്റേൺ ഇന്ത്യാ കശുഅണ്ടി ഫാക്ടറിയിലെ ജീവനക്കാരും ആസാം സ്വദേശികളുമായ ദശരഥ ദാസ്, ടിങ്കുദാസ്, ആയൂർ സ്വദേശി അഭിലാഷ്, ആനയടി സ്വദേശി തുളസീധരൻ പിള്ള എന്നിവരാണ് മരിച്ചത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും നഷ്ടപരിഹാരം നൽകി. ആശ്രിത നിയമനങ്ങളും നടന്നു.
 സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
ദുരന്തമുഖത്ത് ഫയർഫോഴ്സ് നടത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ്. തിരുവന്തപുരം മുതൽ എറണാകുളം വരെയുള്ള എല്ലാ യൂണിറ്റുകളിലെയും ഫയർ സംഘത്തെ ഇവിടേക്ക് വരുത്തി. കെ.എം.എം.എല്ലിൽ നിന്നും ഓച്ചിറ ക്ഷേത്രക്കുളത്തിൽ നിന്നും വെള്ളം സംഭരിച്ച് ഇവിടെയെത്തിച്ച് ടാങ്കർ ലോറിയുടെ വശങ്ങളിൽ ഒഴിപ്പിച്ച് തണുപ്പിച്ചുകൊണ്ടേയിരുന്നു. വലിയ പരിശ്രമം ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
 പിന്നെയും ദുരന്തങ്ങൾ
പുത്തൻതെരുവ് ടാങ്കർ ലോറി ദുരന്തത്തിന് ശേഷം ചവറയ്ക്കും ഓച്ചിറയ്ക്കുമിടയിൽ എട്ട് തവണ ടാങ്കർ ലോറികൾ അപകടത്തിൽപ്പെട്ടു. ഓച്ചിറയ്ക്കും പുതിയകാവിനും ഇടയിൽ മാത്രം ആറുതവണ പാചക വാതക ലോറികൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. എന്നാൽ പുത്തൻതെരുവ് ദുരന്തത്തിന്റെ അത്രത്തോളം എത്തിയില്ലെന്നതാണ് ആശ്വാസം.