 
കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിൽ ബുധനാഴ്ച രാവിലെ മുതലുണ്ടായ ശക്തമായ വേലിയേറ്റത്തിൽ നിരവധി വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. അഴീക്കൽ ബീച്ചിന്റെ തീരത്തേയ്ക്ക് വെള്ളം കയറിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡുകളുടെ നേതൃത്വത്തിൽ ബീച്ചിലുണ്ടായിരുന്ന സന്ദർശകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാലാണ് വൻ അപകടം ഒഴിവായത്. പുതുവർഷം പ്രമാണിച്ച് നിരവധി സന്ദർശകരാണ് ബീച്ചിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത രണ്ടു ദിവസവും സന്ദർശകരുടെ എണ്ണം വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ കൈക്കൊള്ളണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വേലിയേറ്റത്തിൽ പറയക്കടവിലെ നിരവധി വീടുകളിൽ വെള്ളം കയറി. വീട്ടുപകരണങ്ങളും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കട്ടമരങ്ങളും വെള്ളത്തിൽ ഒഴുകിപ്പോയിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിലാണ് ഇവയെല്ലാം വീണ്ടെടുത്തത്.
താത്കാലിക പരിഹാരം
ആർ. രാമചന്ദ്രൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം വാർഡ് മെമ്പർ പി. ലിജുവിന്റെ നേതൃത്വത്തിൽ വെള്ളം കയറുന്നത് തടയാനുള്ള നടപടികൾ തുടരുകയാണ്. അമൃതാനന്ദമയി മഠത്തിൽ നിന്ന് വരുത്തിയ ജെ.സി.ബി ഉപയോഗിച്ച് വെള്ളം കയറുന്ന സ്ഥലങ്ങളിൽ താത്കാലിക മൺകൂനകളുണ്ടാക്കിയാണ് വെള്ളം കയറുന്നത് തടയുന്നത്.