kanjav-prathical
പിടിയിലായ പ്രതികൾ

ഇരവിപുരം: സ്കൂൾ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന അഞ്ചുപേരെ ഇരവിപുരം പൊലീസും സിറ്റി പൊലീസിന്റെ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. ഇരവിപുരം ആക്കോലിൽ ഗ്യാസ് ഗോഡൗണിന് സമീപം ഗാന്ധി നഗർ 43 ആനത്താഴത്ത് വീട്ടിൽ അജിത്ത് (22), ശാസ്താംകോട്ട മുതുപിലാക്കാട് ക്ഷേത്രത്തിന് സമീപം മഞ്ജു ഭവനിൽ ലാലു (24), വാളത്തുംഗൽ ബോയ്സ് സ്കൂളിന് സമീപം ഗിരിജാ നിവാസിൽ നിരഞ്ജൻ (19), ശാസ്താംകോട്ട മുതുപിലക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപം അരുൺ നിവാസിൽ അരുൺ (28), വാളത്തുംഗൽ ഇടശേരി കാഷ്യു കമ്പനിക്ക് സമീപം കേശവനഗർ ഇടശേരി വീട്ടിൽ ജഗന്നാഥൻ (19) എന്നിവരാണ് പിടിയിലായത്.

വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും കഞ്ചാവ് കടത്തുന്നതിനായി ഇവർ ഉപയോഗിച്ച ബൈക്കുകളും തൂക്കുന്നതിനായുള്ള ത്രാസും കഞ്ചാവ് വലിക്കുന്നതിനായുള്ള സംവിധാനങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു. വളർത്തുമീൻ വിൽപ്പനയുടെ മറവിലാണ് ഇവർ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. ഇവരുടെ മൊബൈൽ ഫോണിലേക്ക് വന്നിട്ടുള്ള നമ്പരുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ അനീഷ്, ബിനോദ് കുമാർ, ദീപു, പ്രകാശ്, ഡാൻസാഫ് എസ്.ഐ ജയകുമാർ, ജി.എസ്.ഐമാരായ സുനിൽ, ജയകുമാർ, ആന്റണി, സുദൻ, എ.എസ്.ഐ ഷിബു പീറ്റർ, ഷാജി, ജയപ്രകാശ്, സി.പി.ഒമാരായ സാബിത്ത്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.