
 വട്ടക്കായലിനായി വകയിരുത്തിയത് കോടികൾ
''അനാസ്ഥയുടെ ചീഞ്ഞുനാറുന്ന അടയാളമായി മാറുകയാണ് മരുത്തടി വട്ടക്കായൽ. ജലാശയത്തിൽ കുന്നുകൂടിയ മാലിന്യം കണ്ടാൽ മതി, പിടിപ്പുകേടിന്റെ ആഴമറിയാം. വട്ടക്കായൽ സംരക്ഷണത്തിനായി പ്രഖ്യാപിച്ച എണ്ണമറ്റ പദ്ധതികൾ വർഷങ്ങളായി ചുവപ്പുനാടയിലാണ്.''
കൊല്ലം: ഓളപ്പരപ്പിൽ വിനോദസഞ്ചാരികൾ വട്ടംചുറ്റി സൗന്ദര്യം നുകരുന്നത് സ്വപ്നംകണ്ട മരുത്തടി വട്ടക്കായൽ സംരക്ഷണത്തിനായി കേഴുകയാണ് ഇന്ന്. ശാസ്താംകോട്ട തടാകം കഴിഞ്ഞാൽ ജില്ലയ്ക്ക് കുടിവെള്ളത്തിനായി ആശ്രയിക്കാവുന്ന ജലസ്രോതസായിട്ടുകൂടി മലീനകരണവും കൈയേറ്റവും വട്ടക്കായലിനെയും മരണമുനമ്പിലെത്തിച്ചു.
വട്ടക്കായലിന്റെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താൻ കായലിന് ചുറ്റും റോഡ് നിർമ്മാണത്തിന് ജലവിഭവ വകുപ്പ് പത്ത് വർഷം മുൻപ് രണ്ടുകോടി രൂപ അനുവദിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. അഞ്ച് കോടിയുടെ സമാന പദ്ധതിയുമായി പിന്നീട് നഗരസഭയും രംഗത്തെത്തി. എല്ലാവർഷവും വട്ടക്കായൽ സംരക്ഷണത്തിന് നഗരസഭാ ബഡ്ജറ്റിൽ പണം വകയിരുത്താറുമുണ്ട്. പക്ഷെ ഒന്നും നടക്കാറില്ലെന്ന് മാത്രം.
 മത്സ്യസമ്പത്ത് ഇല്ലാതായി
നേരത്തെ ശക്തികുളങ്ങര പഞ്ചായത്തിന്റെ ഭാഗമായിരുന്ന വട്ടക്കായൽ ഇപ്പോൾ ഏഴ് നഗരസഭാ ഡിവിഷനുകൾക്ക് കീഴിലാണ്. ഇതിൽ ഒരു കൗൺസിലർ പോലും കഴിഞ്ഞ 20 വർഷത്തിനിടെ വട്ടക്കായലിന് വേണ്ടി ആത്മാർത്ഥമായി ശബ്ദം ഉയർത്തിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
കൈതക്കോര, ചൂണ്ടൽ, കാരി, വരാൽ, കരിമീൻ, മാല തുടങ്ങി രുചികരമായ മത്സ്യങ്ങൾ വലനിറയെ കിട്ടിയിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ വലയെറിഞ്ഞാൽ നിറയുക മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യവുമാണ്. ചീപ്പ് തകർന്ന് കട്ടയ്ക്കൽ കായലിൽ നിന്നുള്ള ഉപ്പുവെള്ളം തുടർച്ചയായി കയറിയത് മത്സ്യസമ്പത്ത് ഇല്ലാതാക്കി. അസഹ്യമായ ദുർഗന്ധം കാരണം കായലിനടുത്തേക്ക് പോകാനും പ്രദേശവാസികൾ മടിക്കുന്നു.
 അനന്ത സാദ്ധ്യതകൾ
1. വലിയ പണച്ചെലവില്ലാതെ ടൂറിസ്റ്റുകൾക്കായി ക്രമീകരണങ്ങൾ ഒരുക്കാം
2. വ്യാവസായികാടിസ്ഥാനത്തിൽ മത്സ്യക്കൃഷിയിലും വലിയ സാദ്ധ്യതകൾ
3. പടന്നയിൽ തട്ടാത്തറ ഭാഗത്തെ പത്തേക്കറോളം കായൽ പ്രദേശത്തിന് ആഴം കുറവ്
4. ഈ ഭാഗത്ത് നീന്തൽ പരിശീലനത്തിനുള്ള സൗകര്യം ഒരുക്കാം
 വിസ്തൃതി
വർഷങ്ങൾക്ക് മുൻപ്: 40 ഏക്കർ
ഇപ്പോൾ: 34 ഏക്കർ
''
മലിനീകരണം നിയന്ത്രിച്ച് മത്സ്യക്കൃഷിക്ക് കായൽ ഉപയോഗിക്കാം. കരിമീനും ആറ്റുകൊഞ്ചും ഇറക്കിയാൽ വൻ നേട്ടമുണ്ടാകും.
ഫിഷറീസ് ഉദ്യോഗസ്ഥർ