
 ക്ളാസുകൾ പത്ത്, പ്ളസ് ടു വിദ്യാർത്ഥികൾക്ക്
കൊല്ലം: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കും. ജില്ലയിൽ 233 ഹൈസ്കൂളുകളും 138 ഹയർസെക്കൻഡറി സ്കൂളുകളുമാണ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്നത്. പത്ത്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാത്രമാണ് ക്ലാസ്.
98 സ്കൂളുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഫയർഫോഴ്സ് അണുവിമുക്തമാക്കി. ബാക്കി വിദ്യാലയങ്ങളിൽ സ്വന്തം നിലയിലാണ് ശുചീകരണം. രോഗ പ്രതിരോധത്തിനായി എല്ലാ സ്കൂളുകളിലും കൊവിഡ് സെല്ലുകളും രൂപീകരിച്ച് കഴിഞ്ഞു. ഒരു വിദ്യാർത്ഥി ക്ലാസിൽ എത്തിയില്ലെങ്കിൽ കൊവിഡ് സെൽ അംഗങ്ങൾ കാരണം അന്വേഷിക്കും. കൊവിഡ് ബാധയാണ് കാരണമെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കും. എല്ലാ അദ്ധ്യാപകരും സ്കൂൾ തുറക്കുന്നതിന് മുൻപ് കൊവിഡ് പരിശോധന നടത്തണമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. എന്നാൽ പിന്നീട് ഇലക്ഷൻ ഡ്യൂട്ടിക്ക് പോയവരും രോഗബാധിതരുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരും കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും വരുന്നവരും മാത്രം പരിശോധന നടത്തിയാൽ മതിയെന്ന് നിർദ്ദേശിച്ചു.
തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാകും വിദ്യാർത്ഥികളെ സ്കൂളിൽ പ്രവേശിപ്പിക്കുക. മൂന്ന് മണിക്കൂർ ദൈർഘ്യത്തിൽ രണ്ട് ഷിഫ്റ്രുകളായാണ് ക്ലാസ്. വിദ്യാർത്ഥികൾ കൂടുതലുള്ള ചുരുക്കം ചില സ്കൂളുകളിൽ മൂന്ന് ഷിഫ്ടും ക്രമീകരിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം കൊണ്ടുവരേണ്ടതില്ല. കുടിവെള്ളം വീട്ടിൽ നിന്ന് കൊണ്ടുവരണം. പിരീഡുകളുടെ ഇടവേളകളിൽ പരസ്പരം ഇടപഴകുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയ പാഠങ്ങൾ ആദ്യഘട്ടത്തിൽ പഠിപ്പിക്കില്ല. ഇതുവരെ നടന്ന ഓൺലൈൻ ക്ലാസുകളുടെ റിവിഷനാകും നടക്കുക.
 കെ.എസ്.ഡി.പിയുടെ സാനിറ്റൈസർ വന്നില്ല
പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പി എല്ലാ സ്കൂളുകളിലും അഞ്ച് ലിറ്റർ സാനിറ്റൈസർ എത്തിക്കുമെന്ന് പറഞ്ഞെങ്കിലും ലഭിച്ചില്ല. സർക്കാർ സ്കൂളുകൾക്ക് സാനിറ്റൈസർ വാങ്ങാൻ സർവശിക്ഷ കേരളയിൽ നിന്ന് പണം അനുവദിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും സ്കൂൾ അധികൃതർ സാനിറ്റൈസർ സജ്ജമാക്കണമെന്നും വിദ്യാർത്ഥികൾ സ്വന്തമായി പ്രത്യേകം കൈയിൽ കരുതണമെന്നും നിർദ്ദേശമുണ്ട്.
 തുറക്കുന്നത്
ഹൈസ്കൂൾ: 233
ഹയർ സെക്കൻഡറി സ്കൂൾ: 138
''
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ചില സ്കൂളുകൾ സന്ദർശിക്കുകയും ചെയ്തു.
സുബിൻ പോൾ, ഡി.ഡി.ഇ