 
കൊല്ലം: ജില്ലാ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി മദ്ധ്യവയസ്കൻ ആത്മഹത്യാ ഭീഷണി മുഴക്കി. അമ്പലംകുന്ന് സ്വദേശിയായ 58 കാരനാണ് ഭീഷണി മുഴക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഇയാളെ തന്ത്രപൂർവം താഴെയിറക്കി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഈ മാസം 26നാണ് അമ്പലംകുന്ന് സ്വദേശിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് സംഭവം. ബി.പി നോക്കാൻ നഴ്സുമാർ എത്തിയപ്പോൾ ടോയ്‌ലെറ്റിൽ പോകണമെന്ന് പറഞ്ഞ് ഇറങ്ങി. ഇതിന് ശേഷം ചെറിയ ജനാല വഴി രണ്ടാം നിലയിലെ സൺ ഷെയ്ഡിലെത്തി ആമഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഉടൻ ആശുപത്രി അധികൃതർ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് ഫയർഫോഴ്സ് വലവിരിച്ച് കാത്തിരുന്നെങ്കിൽ ഷെയ്ഡിൽ തന്നെ നിലയുറുപ്പിച്ചു. ഇതിനിടയിൽ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സൺ ഷെയ്ഡിലെത്തി സംസാരിച്ചു. അത്മഹത്യാ ഭീഷണി മുഴക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. ഒരു മണിക്കൂറിന് ശേഷം താഴെയിറങ്ങാൻ സമ്മതിച്ചു. രണ്ടാമത്തെ നിലയിലെ ജനാല വഴി ഫയർഫോഴ്സ് ഇയാളെ താഴെയിറക്കി.