
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ വിവിധ വില്ലേജുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് കുടിവെള്ളപ്രശ്നത്തിന് പരിഹാരമായി മൾട്ടി വില്ലേജ് വാട്ടർ സപ്ലൈ പ്രോജക്ട് വരുന്നു. ഇവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുകയാണ്. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ ആവശ്യപ്രകാരം മന്ത്രി കെ. കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തിരുന്നു. കരുനാഗപ്പള്ളിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനായി സമഗ്ര ഗ്രാമീണ ജലവിതരണ പദ്ധതി നടപ്പാക്കാനും യോഗത്തിൽ തീരുമാനമായി. പോരുവഴി പഞ്ചായത്തിൽ രണ്ടേക്കർ സ്ഥലം കണ്ടെത്തി ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. നബാർഡിന്റെ സഹായത്തോടെ ഞാങ്കടവ് പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓച്ചിറ പദ്ധതിക്ക് വെള്ളം എത്തിക്കുന്ന മാവേലിക്കര കണ്ടിയൂർ കടവിലെ മോട്ടറിന്റെ പമ്പിംഗ് കപ്പാസിറ്റി കുഞ്ഞിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതിനായി ഇവിടെ 300 എച്ച്.പി ശേഷിയുള്ള മോട്ടോർ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടി പൂർത്തിയായതായി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന പ്രദേശങ്ങൾ
കരുനാഗപ്പള്ളി മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തഴവ, തൊടിയൂർ, കുലശേഖരപുരം പഞ്ചായത്തുകൾക്കും കുന്നത്തൂർ മണ്ഡലത്തിന്റെ പരിധിയിലെ ശൂരനാട് വടക്ക്, പോരുവഴി പഞ്ചായത്തുകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
സംയുക്ത പരിശോധന
തുറയിൽ കടവിലും എസ്.വി മാർക്കറ്റിലും നിർമ്മാണം പൂർത്തിയാക്കിയ ട്യൂബ് വെല്ലുകൾ പ്രവർത്തനക്ഷമമാക്കുന്നത് സംബന്ധിച്ച് ജനുവരി നാലിന് വാട്ടർ അതോറിട്ടിയുടെയും ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിലെയും ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്താനും യോഗം തീരുമാനിച്ചു. നഗരസഭയിലെ കോഴിക്കോട് മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മൂത്തേത്ത് കടവിൽ സ്ഥാപിച്ച ട്യൂബ് വെൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.