 
ഓച്ചിറ: ആലപ്പാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രണ്ട് ദിവസമായി തുടരുന്ന കടലാക്രമണം ഇന്നലെയും രൂക്ഷമായി. വൃശ്ചിക വേലിയേറ്റത്തിന്റെ ഭാഗമായാണ് ഇപ്പോൾ കടൽകയറ്റമുണ്ടാകുന്നതെന്ന് പഴമക്കാർ പറയുന്നു. തീര സംരക്ഷണത്തിനായി ഒരുക്കിയ മണൽ ചാക്കുകളും കടന്ന് കടൽവെള്ളം കരയിലേക്ക് കയറി. പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, വൈസ് പ്രസിഡന്റ് ടി. ഷൈമ, കരുനാഗപ്പള്ളി തഹസിൽദാർ, ആലപ്പാട് വില്ലേജ് ഓഫീസർ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അഴീക്കൽ, ശ്രായിക്കാട്, പറയക്കടവ്, കുഴിത്തുറ, ആലപ്പാട്, ചെറിയഴീക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. ആലപ്പാട് ഫാമിലി ഹെൽത്ത് സെന്ററിന് പടിഞ്ഞാറ് ഭാഗത്തെ കടലാക്രമണം തടയാനായി വാർഡ് മെമ്പർ പ്രസീത കുമാരി, പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണുകൊണ്ട് സംരക്ഷണ ഭിത്തി ഒരുക്കിയിരിക്കുകയാണ്.