
മാള: മാള ബ്ലോക്ക് പഞ്ചായത്ത് മാള ഡിവിഷനിൽ ഇത്തവണ മത്സരം പ്രവചനാതീതം. മൂന്ന് മുന്നണികൾക്കും വെല്ലുവിളിയായി ഇത്തവണ പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർത്ഥി ലിന്റീഷ് ആന്റോ രംഗത്തുണ്ട്. എൽ.ഡി.എഫ്.മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡിലാണ് ഇത്തവണ കനത്ത പോരാട്ടം നടക്കുന്നത്. എൽ.ഡി.എഫ്.സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ സി.എം.നൗഷാദ്, യു.ഡി.എഫ്.സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതാവ് എ.എ.അഷറഫ്, എൻ.ഡി.എ.സ്ഥാനാർത്ഥിയായി ബി.ജെ.പി.യിലെ എ.ആർ.അനിൽകുമാർ എന്നിവർക്ക് എതിരെയാണ് ലിന്റീഷ് ആന്റോ കനത്ത വെല്ലുവിളി ഉയർത്തി പ്രചാരണം കൊഴുപ്പിച്ചിരിക്കുന്നത്. വീടുകൾ കയറിയിറങ്ങിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കോൺഗ്രസ് അനുഭാവിയായ ലിൻറീഷിന്റെ മത്സരം കൂടുതൽ വെല്ലുവിളിയാകുന്നത് യു.ഡി.എഫിനായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ പിന്തുണ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ഉണ്ടെന്നും സൂചനകളുണ്ട്. അതേ സമയം ഡി.സി.സി.സെക്രട്ടറിയായ മാള പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും എന്ന നിലയിൽ പരിചയസമ്പന്നനായ എ.എ.അഷറഫ് മാള മഹല്ല് പ്രസിഡന്റ് കൂടിയാണ്. മുൻ ജനപ്രതിനിധിയെന്നതും പാർട്ടി നേതാവ് പദവിയും ചില നെഗറ്റീവ് വോട്ടുകൾക്കുള്ള സാധ്യതയും സൃഷ്ടിക്കുന്നുണ്ട്. മാളയിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് അതിന്റെ പാരമ്യതയിലുള്ള ഇടമാണ്. അതെല്ലാം തിരഞ്ഞെടുപ്പിപിൽ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലുകളും എതിരാളികൾക്കുണ്ട്. അതേ സമയം നെഗറ്റീവ് വോട്ടുകളുുുടെ സാധ്യത കാണാത്ത പുതുമുഖമാണ് എൽ.ഡി.എഫിലെ സി.എം.നൗഷാദെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഇരുവരും ഒരേ സമുദായക്കാരായതിനാൽ വോട്ടുകൾ വിഭജിക്കാനും സാധ്യത കാണുന്നവരുണ്ട്. എൻ.ഡി.എ.സ്ഥാനാർത്ഥി എ ആർ.അനിൽകുമാറിനെ സംബന്ധിച്ചും നെഗറ്റീവിന് സ്ഥാനം കുറവാണ്. ബി.ജെ.പി.ക്ക് മാളയിൽ ഉയർത്തിക്കാണിക്കാവുന്ന സൗമ്യതയുടെ മുഖമാണ് അനിൽകുമാർ. മുന്നണികൾക്ക് കനത്ത വെല്ലുവിളിയായി ഒപ്പം മുന്നേറുന്ന സ്വതന്ത്ര സ്ഥാനാർത്ഥി ലിന്റീഷ് ആന്റോ ക്രൈസ്തവ സഭയിലെ പ്രധാനികൂടിയാണ്. വ്യാപാരിയും പത്രപ്രവർത്തകനും കൂടിയായ ലിന്റീഷ് ഈ കന്നിയങ്കത്തിൽ വലിയ പ്രതീക്ഷയിലാണ്. നിരവധി മാറ്റങ്ങൾക്കുള്ള വാഗ്ദാനങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. എല്ലാ പ്രതീക്ഷകളും കണക്കുകൂട്ടലുകളിൽ നിരത്തുമ്പോഴും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം തന്നെയാണ് നാല് സ്ഥാനാർത്ഥികളും മുന്നേറുന്നത്.