 
തൃശൂർ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അതിതീവ്രമായതിനെ തുടർന്ന് ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കടലിൽ മത്സ്യബന്ധനത്തിന് പോയവരോട് തിരിച്ചെത്തുന്നതിനുള്ള അറിയിപ്പ് നൽകാൻ ഫിഷറീസ് വകുപ്പിനോട് കളക്ടർ നിർദ്ദേശിച്ചു. ഉദ്യോഗസ്ഥർ ഏതു സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണം.
തെക്കൻ കേരളം, തെക്കൻ തമിഴ്‌നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലും കനത്ത ജാഗ്രത വേണമെന്ന് കളക്ടർ എസ്. ഷാനവാസ് ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചു. ജില്ലയെ ചുഴലിക്കാറ്റ് കാര്യമായി ബാധിക്കില്ലെങ്കിലും തൊട്ടടുത്ത ഇടുക്കി, എറണാകുളം ജില്ലകളെ ബാധിക്കുമെന്നും ജില്ലയിൽ മഴയുടെ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും ജില്ലാ തല ദുരന്തനിവാരണ അതോററ്റി അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള താലൂക്കുകളിൽ എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് ജാഗ്രതാ നിർദ്ദേശം എത്തിക്കാനും നിർദേശം നൽകി. ജില്ലയിലെ മലയോര മേഖലകൾ കൂടുതലുള്ള ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിലും കടൽത്തീരം ഏറെയുള്ള ചാവക്കാട് താലൂക്കിലും ജാഗ്രതാ നിർദേശങ്ങൾ കാര്യക്ഷമമാക്കാനും കളക്ടർ നിർദേശിച്ചു.
- മുന്നൊരുക്കം
എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം
വെള്ളപ്പൊക്ക - മലയോര മേഖലയിൽ ഡിസംബർ മൂന്ന് വരെ ഗതാഗത നിയന്ത്രണം
ശക്തമായ കാറ്റിന് സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കും
മരച്ചില്ലകൾ മുറിക്കും, വൈദ്യുതി കമ്പികൾ, ട്രാൻസ്‌ഫോർമറുകൾ പരിശോധിക്കും
- അതീവശ്രദ്ധ വേണ്ടത്
ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് താലൂക്കുകളിൽ
- കടലിൽ പോകരുത്
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങൾക്കും ബാധകമാക്കി. ഇപ്പോൾ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ തിരിച്ചുവിളിച്ചിട്ടുണ്ട്.