sudheesh-nda
സി.എസ് സുധീഷ്

വാടാനപ്പിള്ളി: ചെത്തു തൊഴിലിനൊപ്പം വേറിട്ട പ്രചരണത്തിലാണ് സുധീഷ്. ഏങ്ങണ്ടിയൂർ പഞ്ചായത്ത് എട്ടാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബി.ജെ.പിയുടെ സി.എസ് സുധീഷാണ് പ്രചാരണ പ്രവർത്തനം നടത്തുന്നത്.

ബി.എം.എസ് ചെത്തുത്തൊഴിലാളി യൂണിയൻ പ്രവർത്തകനായ സുധീഷ് പതിവ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെയാണ് തെങ്ങ് ചെത്താൻ സമയം കണ്ടെത്തുന്നത്. ചെത്താൻ കയറുമ്പോൾ അവിടെയും തന്റെ തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളും കൊടിയും നാട്ടുന്നതാണ് സൂപ്പർ എന്ന് വിളിപ്പേരുള്ള സുധീഷിന്റെ പ്രത്യേകത. സ്ഥാനാർത്ഥിയെ സഹായിക്കാൻ എപ്പോഴും ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഇ.സി പ്രജിത്തും ഉണ്ടാകും. കുട്ടിക്കാലത്ത് കൂട്ടുകാർക്കൊപ്പം സംസാരിക്കുമ്പോൾ സൂപ്പർ എന്ന് ആവർത്തിച്ചു പറയുന്നതായിരുന്നു വിളിപ്പേരിന് കാരണമായത്. ഏത്തായ് സെന്ററിൽ ഓട്ടോ ഡ്രൈവർ കൂടിയാണ് സുധീഷ്. ഏഴ് വർഷം വിദേശത്ത് ജോലിയിലായിരുന്ന സുധീഷ് തിരിച്ചെത്തിയ ശേഷം ചെത്ത് തൊഴിൽ തുടരുകയായിരുന്നു. ഏങ്ങണ്ടിയൂർ മാമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുധീഷിന് പ്രചാരണത്തിൽ ഭാര്യ ഹരിതയും, സഹോദരൻ സുനീഷും മികച്ച പിന്തുണയാണ് നൽകുന്നത്.