 
കാഞ്ഞാണി: മണലൂർ സഹകരണ ബാങ്കിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പെന്ന് ആരോപണം. വനിത കളക്ഷൻ ഏജന്റാണ് ബാങ്കിന്റെ പേരിൽ കുറിപ്പിരിവ് നടത്തി 28 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പറയപ്പെടുന്നത്. ബാങ്ക് അറിയാതെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെപ്പേരെ കുറിയിൽ ചേർത്താണ് തട്ടിപ്പ് നടന്നത്. ബാങ്കിന്റെ പാസ്ബുക്കും സീലും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.
എന്നാൽ സീൽ വ്യാജമാണെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. തട്ടിപ്പിന് ഇരയായവർ കുടുതലും പാവപ്പെട്ടവരാണ്. ഇവരിൽ നിന്ന് ആഴ്ചയിലും മാസത്തിലുമായിട്ടാണ് കുറി സംഖ്യ പിരിച്ചെടുത്തിട്ടുള്ളത്. മണലൂർ സ്വദേശിയായ വനിത അഞ്ച് വർഷത്തോളമായി ബാങ്കിലെ താത്കാലിക ജീവനക്കാരിയാണ്. മണലൂർ കടവിലെ പുഴയിൽ നിന്ന് ബാങ്ക് പാസ്ബുക്ക് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറലോകം അറിയുന്നത്. തട്ടിപ്പ് നടത്തിയതിൽ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. ബാങ്ക് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
തുടർ നടപടിക്ക് സ്റ്റേഷനിൽ എത്തിയ കളക്ഷൻ ഏജന്റ് തലകറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. അടുത്ത ദിവസം തന്നെ ചേദ്യം ചെയ്യുമെന്നറിയുന്നു. ഇതിനിടയിൽ ബാങ്ക് അധികൃതർ വനിത ഏജന്റിന് കുട്ടുനിൽക്കുന്നുവെന്ന് ആരോപണവുമായി ബി.ജെ.പി സമര രംഗത്തുണ്ട്.
കമന്റ്
വനിത കളക്ഷൻ ഏജൻ് തട്ടിയത് 28 ലക്ഷത്തോളം രൂപയാണ്. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ ബാങ്കിലെ ആർക്കെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിക്കും.
- രവിന്ദ്രൻ കുന്നംപ്പുള്ളി, ബാങ്ക് പ്രസിഡന്റ്
ബി.ജെ.പി പ്രതിഷേധ സമരം
മണലൂർ സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി മണലൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ സർജു തൊയക്കാവ് ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സിനു കരുവത്തിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് സുധീഷ്, മുൻ സെക്രട്ടറി ഗിരീഷ് ചിറയത്ത് ആമുഖ പ്രഭാഷണം നടത്തി. വാർഡ് സ്ഥാനാർത്ഥികളായ സുധീർ, മോഹനൻ, രതീഷ്, വിമലമോഹിനി എന്നിവർ പങ്കെടുത്തു.