ചേലക്കര: നെല്ല് വിറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരേയും പണം ലഭിക്കാത്തതിനാൽ കർഷകർ പ്രതിഷേധത്തിൽ. വിരിപ്പ് കൃഷിയുടെ ഒക്ടോബർ മാസത്തിൽ നൽകിയ നെല്ലിന്റെ വിലയാണ് പല കർഷകർക്കും ഇനിയും ലഭിക്കാനുള്ളത്. സപ്ലൈകോയ്ക്കു വേണ്ടി വിവിധ മില്ലുകൾക്കാണ് കർഷകർ നെല്ല് നൽകിയത്. പാഡി മാർക്കറ്റിംഗ് ഓഫീസിൽ നിന്നും കർഷകർക്കുള്ള ബില്ലും ബാങ്കുകൾക്കുള്ള രേഖകളും കൈമാറിയിട്ടും ദിവസങ്ങളേറെയായി.
കർഷകർക്ക് ലഭിച്ച റസീപ്റ്റും അനുബന്ധ രേഖകളും വാങ്ങി ബാങ്കുകളാണ് കർഷകർക്ക് പണം നൽകുന്നത്. പല പ്രാവശ്യമായി കർഷകർ കയറി ഇറങ്ങുന്നുവെന്നും എന്നാൽ പല ബാങ്ക് ഉദ്യോഗസ്ഥരും കർഷകരോടുള്ള അവഗണന തുടരുകയാണന്നും പണം നൽകുന്നതിനുള്ള നടപടയിൽ ഉദാസീനത കാണിക്കുകയാണെന്നും ചേലക്കര മേഖലയിലെ കർഷകർ ആരോപിക്കുന്നു. കൊവിഡ് കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് പല കർഷകരും കൃഷി ഇറക്കിയത്. വിറ്റ നെല്ലിന് ഇതുവരേയും പണം കിട്ടിയില്ല. കടം വാങ്ങിയാണ് അടുത്ത മുണ്ടകൻ കൃഷി ചെയ്തത്. വിറ്റ നെല്ലിന്റ കാശു കിട്ടുമ്പോൾ തിരിച്ചു കൊടുക്കാമെന്ന് പറഞ്ഞ് കടം വാങ്ങിയപ്പോൾ ഇത്രയും താമസം വരുമെന്ന് കരുതിയില്ലെന്നും കർഷകർ പറയുന്നു.