ചാലക്കുടി: കാർഷിക മേഖലയെ മാത്രം ആശ്രയിക്കുന്ന ഹരിതാഭമായ പ്രദേശം, മൂന്നുഭാഗവും ചാലക്കുടിപ്പുഴയാൽ ചുറ്റപ്പെട്ട ഗ്രാമം. ഇതൊക്കെയാണ് മേലൂർ പഞ്ചായത്തിന്റെ മുഖമുദ്ര. അടിയ്ക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്താൽ കർഷകരുടെ മനസിൽ ആശങ്കയുടെ വിത്തുകൾ പാകുന്ന പ്രദേശം കൂടിയാണിത്. മഹാപ്രളയത്തിൽ ചാലക്കുടിക്കുണ്ടായ ആഘാതത്തിൽ പകുതിയിലേറേയും മേലൂർ പഞ്ചായത്തിലായിരുന്നു. കൊരട്ടിയിൽ നിന്നും 1962ൽ വിട്ടുപോന്ന മേലൂർ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് സ്ഥാനത്ത് കോൺഗ്രസ് നേതാവ് എൻ.ജി. ചാക്കുര്യ അവരോധിയ്ക്കപ്പെട്ടു. തുടർന്ന് ഭൂരിഭാഗം തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷമാണ് പഞ്ചായത്ത് ഭരിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശക്തി കേന്ദ്രമാണെങ്കിലും പടിഞ്ഞാറൻ ഭാഗം കോൺഗ്രസിനൊപ്പവും നിലയുറപ്പിച്ചു. ഇപ്പോൾ പലയിടത്തും ബിജെ.പിയും നിർണ്ണായക ശക്തിയായി മാറി.

ആകെയുള്ള 17ൽ ഒമ്പതു സീറ്റുകൾ നേടിയായിരുന്നു സി.പി.എമ്മിലെ പി.പി. ബാബു രണ്ടാം വട്ടവും പ്രസിഡന്റായത്. യു.ഡി.എഫ് ആറ് സീറ്റുകളിൽ ജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ ബി.ജെ.പിയും താമര വിരിയിച്ചു. വലിയ വികസന നേട്ടങ്ങളുടെ അവകാശവാദങ്ങളുമായാണ് എൽ.ഡി.എഫ് വീണ്ടും ജനവിധി തേടുന്നത്.

കഴിഞ്ഞ നാലു തവണ തുടർച്ചയായുള്ള ഭരണം തുടരാൻ എൽ.ഡി.എഫ് കളത്തിലിറങ്ങുമ്പോൾ, മേലൂർ പഞ്ചായത്ത് ഇത്തവണ തങ്ങൾ ഭരിയ്ക്കുമെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു. ചരിത്രത്തിൽ ആദ്യമായി മേലൂരിന്റെ ഭരണ ചക്രം തിരിയ്ക്കുമെന്ന ഉറച്ച നിലപാടിലാണ് ബി.ജെ.പി.

..........................

കോടിക്കണക്കിന് രൂപയുടെ വിവിധ പദ്ധതികളാണ് പഞ്ചായത്തിൽ നടത്തിയത്. 48 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് കാര്യാലയം നവീകരിച്ച്, ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടി. 20 ലക്ഷം രൂപയുടെ കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ചു. 18ലക്ഷം രൂപയാണ് ആധുനിക ക്രിമറ്റോറിയത്തിന് ചെലവഴിച്ചത്. പത്ത് പുതിയ അംഗൻവാടികളുണ്ടാക്കി. പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട് പാലപ്പിള്ളിയിൽ നിർമ്മിച്ച 19 ഭവനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, പ്രധാന അഞ്ചു റോഡുകൾ ആധുനികമാക്കുന്നതിൽ നിർണ്ണായക പങ്ക്, കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തൽ... അങ്ങിനെ വികസന പ്രവർത്തനങ്ങളേറെയാണ്.

- പി.പി. ബാബു ( പ്രസിഡന്റ്)​

....................

പ്രകടന പത്രികയിലെ വാഗ്ദ്ധാനങ്ങളിൽ കാര്യമായ ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഭരണമാണ് എൽ.ഡി.എഫ് നടത്തിയത്. സമ്പൂർണ്ണ പാർപ്പിട പദ്ധതിക്കായി 700 അപേക്ഷകളാണ് പഞ്ചായത്തിൽ കെട്ടികിടക്കുന്നത്. ഫ്‌ളാറ്റ് നിർമ്മാണ പ്രഖ്യാപനം പാഴായി. അഴിമതിയിൽ നിറഞ്ഞ ഭരണമായപ്പോൾ ഭവന പദ്ധതികൾ പാളിപ്പോയി.

- എം.ടി. ഡേവിസ് (പ്രതിപക്ഷ നേതാവ്)​

......................

കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് പഞ്ചായത്ത് ഭരണസമിതി വരുത്തിയത്. അഴിമതിയും സ്വജനപക്ഷപാതവും പഞ്ചായത്തിന്റെ വികസനത്തെ മുരടിപ്പിച്ചു. മുഖ്യ പ്രതിപക്ഷമായ യു.ഡി.എഫിന് നോക്കിനിൽക്കാനെ കഴിഞ്ഞുള്ളു.

- ഷാജു കോക്കാടൻ (ബി.ജെ.പി നേതാവ്)