covid

തൃശൂർ: കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നെങ്കിലും ജില്ലയിൽ മരണസംഖ്യ കുതിച്ചുയരുന്നു. നവംബർ മാസത്തിൽ മാത്രം 120 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.ഔദ്യോഗിക കണക്കിനേക്കാൾ ഇരട്ടിയിലേറെ മരണം ജില്ലയിൽ ഉണ്ടായെന്നാണ് കണക്ക്. പലരും കൊവിഡ് നെഗറ്റീവ് ആയെങ്കിലും അനുബന്ധ രോഗങ്ങൾ മൂർച്ഛിച്ചാണ് മരിക്കുന്നത്. കൊവിഡ് നെഗറ്റീവായ ശേഷം മരണപ്പെട്ടാൽ കണക്കിൽ ഉൾപ്പെടുത്താറില്ല. കഴിഞ്ഞ പത്ത് ദിവസത്തിനകം 53 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിൽ ആണ് ഏറ്റവും കൂടുതൽ പേർ മരിച്ചിരിക്കുന്നത്. നിരവധി പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. നവംബർ മാസത്തിൽ അഞ്ച് ദിവസം മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിൽ വന്നത്. ഭൂരിഭാഗം ദിവസങ്ങളിലും ഏഴുന്നൂറിന് താഴെയാണ് രോഗികളുടെ എണ്ണം ഉണ്ടായത്. എന്നാൽ മരണ സംഖ്യ ഏറെ വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തതോടെ നിയന്ത്രണം കാര്യക്ഷമമമല്ല. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ ഒരിടത്തും പാലിക്കുന്നില്ല. മെഡിക്കൽ കോളേജിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചവരിൽ പലരും ആദ്യം വീടുകളിൽ തന്നെയാണ് ഇരിക്കാറുള്ളതെങ്കിലും പിന്നീട് രോഗം ഗുരുതരമാകുന്നതോടെ ആശുപത്രികളിലേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യമാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ഒരിടത്തും പാലിക്കുന്നില്ല. പൊതു യോഗങ്ങളിലും മറ്റും സാമൂഹിക അകലം പാലിക്കുന്നില്ലെന്നു ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അടുത്ത ദിവസങ്ങളിൽ പ്രചാരണം കൊഴുക്കുന്നത്തോടെ ആളുകൾ കൂടുതൽ രംഗത്ത് ഇറങ്ങുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ജില്ലയിൽ ഇന്നലെ വരെ മരിച്ചവരുടെ എണ്ണം --- 249

നവംബറിൽ - 120

ഒക്ടോബറിൽ - 70

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടത് - 53