
തൃശൂർ: ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്വന്തം സ്‌കൂളിൽ 'ഇരട്ടവോട്ടിട്ട" ഓർമ്മയിലാണ് നൂറ് വയസ് പിന്നിട്ട പി. ചിത്രൻ നമ്പൂതിരിപ്പാട്. 1951 ഒക്ടോബർ 25നായിരുന്നു ഇന്ത്യൻ പാർലമെന്റിലേക്കുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത്.
അന്ന് ഒരു മണ്ഡലത്തിൽ നിന്ന് രണ്ട് പേരെ തിരഞ്ഞെടുക്കാം. മലബാറിലെ പൊന്നാനിയിൽ കോൺഗ്രസിലെ വെള്ളീച്ചരനും കിസാൻ മസ്ദൂർ പാർട്ടിയിലെ കെ. കേളപ്പനുമാണ് വിജയിച്ചത്. പി. ചിത്രൻ നമ്പൂതിരിപ്പാട് മാനേജരും അദ്ധ്യാപകനുമായിരുന്ന സ്വന്തം സ്‌കൂളായ മൂക്കുതല ഹൈസ്‌കൂളിലാണ് ആദ്യവോട്ടിട്ടത്. 31 വയസാണ് പ്രായം. അന്തർജനങ്ങളൊന്നും അധികം പുറത്തിറങ്ങാത്ത കാലമായിരുന്നു. അതുകൊണ്ടുതന്നെ ഭാര്യ ലീല വോട്ടിട്ടില്ല.
മൂക്കുതല ഹൈസ്‌കൂളിൽ പിന്നീട് നടന്ന നിരവധി തിരഞ്ഞെടുപ്പുകളിൽ പ്രിസൈഡിംഗ് ഓഫീസറായി പ്രവർത്തിച്ചു. എല്ലാ പാർട്ടികളിലുമുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീർ മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം നോമിനേഷൻ കൊടുക്കുമ്പോൾ ഫോണിൽ വിളിച്ച് അനുഗ്രഹം തേടാറുണ്ട്. ഇ.കെ. ഇമ്പിച്ചിബാവ പൊന്നാനി എ.വി ഹൈസ്‌കൂളിലെ സീനിയർ വിദ്യാർത്ഥിയായിരുന്നു.
സി.എച്ച്. മുഹമ്മദ് കോയയുമായും അടുത്ത ബന്ധം. സർവീസിൽ നിന്ന് വിരമിച്ച സമയം കേരളത്തിൽ സി.എച്ച്. മുഹമ്മദ് കോയയായിരുന്നു വിദ്യാഭ്യാസമന്ത്രി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം പിന്നീട് അഞ്ച് വർഷക്കാലം കേരള കലാമണ്ഡലം സെക്രട്ടറിയായി. അക്കാലത്ത് കലാമണ്ഡലത്തിന്റെ പര്യടനവുമായി ബന്ധപ്പെട്ട് അമേരിക്ക പോലുള്ള വിദേശരാജ്യങ്ങളും സന്ദർശിച്ചു. ഈ സമയത്തായിരുന്നു കേരളത്തിൽ രണ്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പ്. അദ്ധ്യാപകനും സുഹൃത്തുമായ സി.പി.എം നേതാവ് ടി. ശിവദാസമേനോൻ അന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു. പക്ഷേ അമേരിക്കയിലായതുകൊണ്ട് അന്ന് വോട്ട് ചെയ്യാനായില്ല. ബാക്കി എല്ലാ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടിട്ടു.
ആദ്യകാലങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ അധികം വാശിയുണ്ടായിരുന്നില്ല. ശക്തമായ പോളിംഗും ഉണ്ടായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇന്നത്തെ പോലെ വലിയ വാശിയുണ്ടായിരുന്നു.
- പി. ചിത്രൻ നമ്പൂതിരിപ്പാട്