തൃശൂർ: പാവറട്ടി പള്ളിയോട് അനുബന്ധിച്ചുള്ള നഴ്‌സിംഗ് സ്‌കൂളിലെ അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥി ജിസമോൾ കൊല്ലപ്പെട്ടിട്ട് 15 വർഷം തികയുന്ന ഡിസംബർ അഞ്ചിന് മാതാവ് ബിന്നി ദേവസ്യ തൃശൂർ കോർപറേഷൻ ഓഫീസിന് മുമ്പിൽ ധർമ്മ സത്യഗ്രഹം അനുഷ്ഠിക്കും.
തൃശൂർ പാവറട്ടി സാൻജോസ് പാരിഷ് ആശുപത്രിയിലെ മൂന്നാം വർഷ ജനറൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയും ചേറ്റുപുഴ പേഴത്തുമൂട്ടിൽ ദേവസ്യയുടെ മകളുമായ ജിസ മോളെ (21) 2005 ഡിസംബർ അഞ്ചിനാണ് ഹോസ്റ്റൽ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോഡൽ പരീക്ഷയിൽ കോപ്പിയടിച്ചത് പിടിച്ചതിൽ മനംനൊന്ത് ജിസ മോൾ കൈയ്യിലെ ഞെരമ്പ് മുറിച്ച് തൂങ്ങിമരിച്ചുവെന്നാണ് ആശുപത്രി അധികൃതർ അമ്മ ബിന്നി ദേവസ്യയെ അറിയിച്ചത്. എന്നാൽ ജിസമോൾ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നുവെന്നും നിരവധി സാഹചര്യത്തെളിവുകൾ ഉണ്ടായിരുന്നുവെന്നും അമ്മ ബിന്നി ദേവസ്യ പറയുന്നു.
ജിസമോൾ ജനകീയ ആക്‌ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സത്യഗ്രഹത്തിൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പങ്കെടുക്കും. രാവിലെ 11ന് ആക്‌ഷൻ കൗൺസിൽ ജനറൽ കൺവീനർ ശ്രീധരൻ തേറമ്പിൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. ജി. ഷാനവാസ്, സന്തോഷ് അറയ്ക്കൽ, കെ.സി.ആർ.എം നേതാക്കളായ ജോർജ് മൂലേച്ചാലിൽ, ജോർജ് ജോസഫ്, ആന്റോ മാങ്കൂട്ടം, ജോണി വർഗീസ്, പി.എം. ഷംസുദ്ദീൻ എന്നിവർ പങ്കെടുക്കും.
ജിസമോളുടെ മരണവിവരമറിഞ്ഞ് അമ്മാവൻ ആന്റണി ചിറ്റാട്ടുകര ആശുപത്രിയിൽ എത്തുമ്പോൾ മൃതദേഹം നൈറ്റി ധരിപ്പിച്ച് ഇറക്കി കിടത്തിയ നിലയിലായിരുന്നു. മുറിയിൽ മുഴുവൻ വെള്ളമൊഴിച്ച് കഴുകിയിരുന്നു. തൂങ്ങി മരണത്തിന്റേതായ യാതൊരു അടയാളവും ശരീരത്തിൽ ഉണ്ടായിരുന്നില്ല.
ഒ പോസിറ്റീവായ പെൺകുട്ടിയുടെ ഉടുപ്പിൽ നിന്നും ബി പോസിറ്റീവ് രക്തം കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണ സമയമില്ലാത്തതും ദുരൂഹമാണെന്ന് കുടുംബം ആരോപിക്കുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും പിന്നീട് നടത്തിയ വിദഗ്ദ്ധ പരിശോധനയിലെയും കണ്ടെത്തലുകൾ മരണം ക്രൂര മാനഭംഗത്തിനിടയിലായിരുന്നുവെന്ന് വ്യക്തമാക്കുന്നുവെന്നും അമ്മ ബിന്നി ദേവസ്യ പറയുന്നു.
ആദ്യം ലോക്കൽ പൊലീസും പിന്നീട് 2017ൽ സി.ബി.ഐയും ജിസമോളുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിലാണ് എത്തിയത്. ഇതിനെതിരെ കുടുംബം സമർപ്പിച്ച പുനഃപരിശോധനാ ഹർജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.