തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മൂത്തകുന്നം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മുൻ ബ്ലോക്ക് പഞ്ചായത്തംഗം കെ.ജെ യദുകൃഷ്ണ രംഗപ്രവേശം ചെയ്തതോടെ ഡിവിഷൻ ചതുഷ്കോണ മത്സരത്തിലേക്ക്. വലപ്പാട് പഞ്ചായത്തിലെ 1, 2 വാർഡുകളും നാട്ടിക പഞ്ചായത്തിലെ 12, 13, 14, 3 വാർഡുകളും ഉൾപ്പെടുന്നതാണ് മൂത്തകുന്നം ഡിവിഷൻ. സ്ഥാനാർത്ഥികൾ ശക്തരായതോടെ പോരാട്ടത്തിന് ചൂടേറുമെന്ന പ്രതീക്ഷയിലാണ് വോട്ടർമാർ. മൂന്ന് മുന്നണികളെയും മറികടക്കുന്ന രീതിയിലുള്ള പ്രചാരണവുമായി സ്വതന്ത്രൻ കെ.ജെ യദുകൃഷ്ണ കളത്തിൽ സജീവമായിക്കഴിഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാവായ യദുകൃഷ്ണ റിബൽ സ്ഥാനാർത്ഥിയായത്. മുൻ സർവകലാശാല സെനറ്റ് അംഗവും തൃശൂർ ലാ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയുമാണ് യദുകൃഷ്ണ. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിലാണ് യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർത്ഥി. സി.പി.ഐയിലെ ബിജോഷ് ആനന്ദനൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമാണ്. സി.പി.ഐക്കും ഇവിടെ റിബലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. ഇക്കുറി സ്വതന്ത്ര സ്ഥാനാർത്ഥികൾ നേടുന്ന വോട്ടുകളും, നിഷ്പക്ഷ വോട്ടുകളും നിർണ്ണായകമാകും.