കയ്പമംഗലം: തദ്ദേശ തിരഞ്ഞെടുപ്പിൽ എടത്തിരുത്തി പഞ്ചായത്ത് 12-ാം വാർഡിൽ ഇത്തവണ പോരാട്ടത്തിന് ചൂടേറും. യു.ഡി.എഫിലെ ഉമറുൽ ഫാറൂക്കും, എൽ.ഡി.എഫിലെ ചന്ദ്രബാബു തേവർക്കാട്ടിലും, എൻ.ഡി.എയുടെ ജ്യോതിബസ് തേവർക്കാട്ടിലും, സി.പി.ഐ വിമതനായി സുരേഷ് ബാബു പൊറ്റേക്കാട്ടുമാണ് പ്രചരണം കൊഴുപ്പിക്കുന്നത്. മുൻ പഞ്ചായത്തംഗവും ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ഉമറുൽ ഫാറൂഖിനെയാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒരു വിഭാഗം പ്രവർത്തകർ ഉയർത്തിക്കാണിക്കുന്നത്.
ചെന്ത്രാപ്പിന്നി സഹകരണ ബാങ്ക് പ്രസിഡന്റായ ചന്ദ്രബാബു തേവർക്കാട്ടിലിനെയാണ് സീറ്റ് നിലനിറുത്തുന്നതിനായി എൽ.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായ ജ്യോതിബസ് തേവർക്കാട്ടിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി നേതൃത്വം. സി.പി.ഐ വിമതൻ സുരേഷ് ബാബു പൊറ്റെക്കാട്ടിലും സ്വതന്ത്ര സ്ഥാനാർത്ഥി ആന്റണിയോ ജോസ് പുലിക്കോട്ടിലും മത്സരംഗത്തുള്ളത് മൂന്നുമുന്നണികൾക്കും തലവേദനയാണ്.