തൃശൂർ: ഡിസംബർ മൂന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റിഷൻ സെന്ററിൽ ഭിന്നശേഷി കലാകാരന്മാരുടെ ചിത്ര രചനാ സംഗമം നടത്തുന്നു. കാലുകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന സ്വപ്ന അഗസ്റ്റിൻ, പൂർണമായ കാഴ്ച ശക്തി ഇല്ലെങ്കിലും കാർട്ടൂൺ രചനയിൽ മികവ് പുലർത്തുന്ന അഞ്ജൻ സതീഷ്, രണ്ടു കൈ ഇല്ലെങ്കിലും മികച്ച ചിത്രകാരിയെന്ന് കഴിവ് തെളിയിച്ച നൂർ ജലീല എന്നിവർ പങ്കെടുക്കും. ദിനാചരണത്തിന്റെ ഭാഗമായി സ്‌പെഷ്യൽ എഡ്യുക്കേഷൻ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസുകൾ, വെബിനാറുകൾ, മോട്ടിവേഷൻ ക്ലാസുകൾ, എൻ.ഐ.പി.എം.ആർ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം എന്നിവ ഉണ്ടായിരിക്കും. എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ, ജോയിന്റ് ഡയറക്ടർ സി. ചന്ദ്ര ബാബു, അക്കാഡമിക് ഓഫീസർ ഡോ. വിജയലക്ഷ്മി അമ്മ തുടങ്ങിയവർ പങ്കെടുക്കും.