
തൃശൂർ: കൊവിഡ് വ്യാപിക്കുമ്പോഴും ദേശീയ സംസ്ഥാന പാതയോരങ്ങളിൽ നിയന്ത്രണമില്ലാതെ വഴിയോര ഭക്ഷണ വിൽപന സംഘങ്ങൾ സജീവം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുമ്പോൾ യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളുമില്ലാതെയാണ് കച്ചവടം. തൃശൂരിൽ നിന്നും കുറ്റിപ്പുറം, പാലക്കാട്, ഷൊർണൂർ ഭാഗങ്ങളിലേക്കുള്ള റോഡരികുകളിൽ ഇത്തരം വഴിയോര വിൽപന സംഘങ്ങളെ കാണാം. വാഹനം തന്നെ വിപണന കേന്ദ്രമാക്കിയാണ് ഇവരുടെ വിൽപന. ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, മീൻ വറുത്തത്, ചിക്കൻ പൊരിച്ചത്, ചപ്പാത്തി, പൊറോട്ട എന്നിങ്ങനെ പോകുന്നു പാഴ്‌സൽ വിഭവങ്ങളുടെ പട്ടിക.
ഹോട്ടലുകളിൽ ലഭിക്കുന്ന വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഇവർ ഭക്ഷണ സാധനം നൽകാറുണ്ട്. വിഭവങ്ങളുടെ അളവ് കുറച്ച് 70 ഉം 90 ഉം രൂപയ്ക്ക് ഇത്തരം സംഘങ്ങൾ ബിരിയാണി നൽകാറുണ്ട്. റോഡരികിലെ വാഹനത്തിൽ വലിയ പാത്രങ്ങളിലാണ് ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കി വയ്ക്കുന്നത്. ആവശ്യക്കാരെത്തുമ്പോൾ പ്ലാസ്റ്റിക്ക് പാത്രത്തിലാക്കി നൽകും. സാമൂഹിക അകലമോ ഗ്ലൗസുൾപ്പെടെയുള്ള സുരക്ഷാ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് പ്രവർത്തനം. കൊവിഡ് മൂലം തൊഴിൽ നഷ്ടമായവരാണ് ഇത്തരം ഭക്ഷണ വിൽപന മേഖലകളിലേക്ക് ഇപ്പോൾ വ്യാപകമായി കടന്നുവരുന്നത്. കാർ ഡ്രൈവർമാരുൾപ്പടെയുള്ളവരും ഇത്തരം മേഖലകളിൽ സജീവമാണ്. സ്വന്തമായി വാഹനങ്ങളുള്ളവർ വീടുകളിൽ വച്ചുണ്ടാക്കുന്ന ഭക്ഷണ സാധനങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിലൂടെ വിൽക്കുന്നത്.
"കൊവിഡും ഇത്തരം സംഘങ്ങളും മൂലം ഹോട്ടൽ നടത്തിപ്പ് പ്രതിസന്ധിയിലാണ്. ആരോഗ്യ വകുപ്പ് നിഷ്‌കർഷിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങളോടെയാണ് ഹോട്ടലുകളുടെ പ്രവർത്തനം. വഴിയോര ഭക്ഷണ വിൽപന സംഘങ്ങളെ ശാസ്ത്രീയമായ രീതികളോടെ അനുവദിക്കുന്നതിൽ തെറ്റില്ല.
സി. ബിജുലാൽ
ജില്ലാ സെക്രട്ടറി
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ.
"കൊവിഡ് മൂലം ജോലിയില്ലാതായവരാണ് ഇത്തരത്തിൽ വിൽപന നടത്തുന്നത്. ഇത്തരം ഭക്ഷണ സംഘങ്ങളുടെ ഭക്ഷണ സാധനങ്ങൾ സംബന്ധിച്ച് പരാതികളൊന്നുമില്ല. വഴിയോര ഭക്ഷണ വിൽപന സംഘങ്ങളെ നിയന്ത്രിക്കേണ്ടത് പൊലീസും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുമാണ്.
സി.എ ജനാർദ്ദനൻഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം
അസി. കമ്മിഷണർ, തൃശൂർ.