francis

തൃശൂർ: ബംഗളൂരുവിൽ വച്ച് കുഴഞ്ഞ് വീണ് മരിച്ച മുൻ ഇന്ത്യൻ ഗോളി ഫ്രാൻസിസ് ഇഗ്നേഷ്യസിന്റെ സംസ്‌കാരം ഇന്ന് തൃശൂർ വ്യാകുലമാത ബസലിക്കൻ പള്ളി സെമിത്തേരിയിൽ നടക്കും. മൃതദേഹം ഇന്നലെ വൈകീട്ട് മൂന്നോടെ വീട്ടിലെത്തിച്ചു. 1992 ൽ ഇന്ത്യൻ ടീമിന് വേണ്ടി ഗോൾ വല കാത്തത് ഫ്രാൻസിസ് ഇഗ്നേഷ്യസാണ്.

ആറടി രണ്ടിഞ്ച് ഉയരമുള്ള ഫ്രാൻസിസിനെ കീഴടക്കാൻ ഏറെ പ്രയാസകരമായിരുന്നുവെന്ന് അദ്ദേഹത്തിന് ഒപ്പം കളിച്ച പ്രമുഖ കളിക്കാർ അനുസ്മരിക്കുന്നു. കേരള പൊലീസിൽ വി.പി. സത്യൻ, ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ തുടങ്ങിയവർക്കൊപ്പം കളിച്ചിട്ടുള്ള ഫ്രാൻസിസ് ബംഗളൂരു ഐ.ടി.ഐയിൽ ചേർന്നതോടെ കർണ്ണാടകയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയിൽ ജഴ്‌സിയണിഞ്ഞു. 1986 മുതൽ 93 വരെ സന്തോഷ് ട്രോഫി ടീമിലുണ്ടായിരുന്നു.

ഫെഡറേഷൻ കപ്പ്, സിസേഴ്‌സ് കപ്പ്, ഡ്യുറന്റ് കപ്പ് തുടങ്ങി രാജ്യത്തെ പ്രമുഖ ടൂർണമെന്റുകളിൽ എല്ലാം ഫ്രാൻസിസ് ഗോൾ വല കാത്തു. ക്രൈസ്റ്റ് കോളേജിലൂടെയാണ് ഫ്രാൻസിസ് ഫുട്ബാൾ രംഗത്തേക്ക് കടന്നു വന്നത്. കർണാടക ജൂനിയർ ടീമിന്റെ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പാട്ട് ചൊവ്വുക്കാരൻ പരേതനായ ഇഗ്‌നേഷ്യസ് - റോസി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ഇനീസ്, ഡെയ്‌നി. അമ്മ: റോസി.