കൊടുങ്ങല്ലൂർ: നഗരസഭയിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ എല്ലാവർക്കം മിനിമം വേതനം മാസം വീതം നൽകുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്ന് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ വാഗ്ദാനം ചെയ്തു. ജലനിധി പദ്ധതി നടപ്പിലാക്കി കുടിവെള്ളത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കും. കൊടുങ്ങല്ലൂർ ബൈപ്പാസിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കും.

മുസ്‌രിസ് അറൈവൽ സെന്റർ റോഡ് എൽതുരുത്ത് വഴി ആനാപ്പുഴ അഞ്ചങ്ങാടിയുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമുണ്ടാക്കും. മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാൻ ബദൽ പദ്ധതി കൊണ്ടുവരും. ഡ്രൈനേജ് പദ്ധതിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി പാഴ് ജല ശുദ്ധീകരണ സംവിധാനത്തിന് മുൻതുക്കം നൽകും.

താലൂക്ക് ആശുപത്രി ജില്ലാ നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രർത്തനം വേഗത്തിലാക്കും. അഭിസ്ഥവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഐ.ടി വ്യവസായ രംഗത്ത് പുതിയ പദ്ധതികൾ നഗരസഭ തലത്തിൽ നടപ്പിലാക്കും. കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് കളിസ്ഥലം ഉറപ്പാക്കും. കുട്ടികൾക്കും സ്ത്രീകൾക്കും രാത്രിയും പകലും സുരക്ഷ ഉറപ്പാക്കും. സ്‌പോർട്‌സ് കോംപ്ലക്‌സിന് രൂപം നൽകും.

അറവുശാലാ ഫിഷ് മാർക്കറ്റ് എന്നിവ ഹൈടെക് ആക്കി വികസിപ്പിക്കും. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസ പദ്ധതി വേഗത്തിലാക്കി അർഹരായവർക്ക് സ്ഥലവും വീടും ഉറപ്പാക്കും. തെരുവ് നായ ശല്യം ഒഴിവാക്കുവാനുള്ള പദ്ധതി ആവിഷ്‌കരിക്കും. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം തുടങ്ങിയവ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.