ചാലക്കുടി: വികസന പ്രവർത്തനങ്ങളിൽ വർഷങ്ങളോളം ബുദ്ധി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കെ.കെ. ചന്ദ്രസേനന്റെ വേർപാട് ചാലക്കുടിയ്ക്കുണ്ടാക്കിയത് കനത്ത നഷ്ടം. കോൺഗ്രസുകാരനായ ചന്ദ്രേട്ടന് പൊതു പ്രവർത്തനങ്ങളിൽ രാഷ്ട്രീയമില്ലായിരുന്നു. നഗരസഭയുടെ ഉപാദ്ധ്യക്ഷനായ കാലത്തും അദ്ദേഹത്തിന് ഒരുപക്ഷവുമുണ്ടായില്ല. അല്ലെങ്കിൽ ചെയർമാൻ സ്ഥാനം എൽ.ഡി.എഫിനുള്ള ഭരണസമിതിയിൽ പ്രതിപക്ഷാംഗമായ ചന്ദ്രസേനൻ വൈസ് ചെയർമാൻ ആകില്ലായിരുന്നു. എന്നാൽ പിന്നീട് കണ്ടത് കൗൺസിൽ ആകെ അദ്ദേഹത്തിന്റെ പക്ഷത്താകുന്ന കാഴ്ചയാണ്.

എല്ലാവരുടേയും അഭിപ്രായങ്ങൾക്കും ആവശ്യങ്ങൾക്കും മുഖ്യ പരിഗണന നൽകിയപ്പോൾ പലപ്പോഴും ചാലക്കുടി മാതൃകാ മുനിസിപ്പൽ കൗൺസിൽ എന്നായത് രഹസ്യമായെങ്കിലും എതിരാളികളും സമ്മതിച്ചു. വിവിധ സ്ഥലങ്ങളിൽ ചിതറിക്കിടന്ന വൈദ്യുതി ബോർഡിന്റെ ഓഫീസുകൾ ഒരു കുടക്കീഴിലാക്കിയ ദൗത്യത്തിന് മുൻനിരക്കാരനുമായി. ചാലക്കുടി പഞ്ചായത്ത് ആയിരുന്ന കാലത്തും ഒരു ടൗൺഹാൾ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് അതിനുള്ള ശ്രമങ്ങൾക്കും തുടക്കമിട്ടു. പനമ്പിള്ളി ഗോവിന്ദ മേനോന്റെ പ്രതിമ ചാലക്കുടിയിൽ സ്ഥാപിക്കണമെന്ന ആവശ്യം ആദ്യമായി ഉയർന്നതും ചന്ദ്രസേനനിൽ നിന്നാരുന്നു. ചാലക്കുടിയിൽ താലൂക്ക് രൂപീകരിക്കണമെന്ന ആഗ്രഹത്തിന് സമൂഹത്തിൽ വിത്തുപാകിയതും മറ്റാരുമല്ല. വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും കർമ്മ നിരതനായി. ഏതാനും വർഷം പത്രപ്രവർത്തകനുമായി ചാലക്കുടി പ്രസ് ക്ലബ്ബിൽ അംഗമായിരുന്നു. പ്രായത്തിന്റെ അവശതയുണ്ടായപ്പോഴും ചാലക്കുടിയുടെ വളർച്ചയെന്ന അടങ്ങാത്ത ആവേശം ആ മനസിൽ തളർച്ചയില്ലാതെ നിലനിന്നു. ഒടുവിൽ വികസന പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പുമില്ലാത്തെ ലോകത്തേയ്ക്ക് യാത്രയാകുമ്പോഴും സഫലമാകാത്ത നാടിന്റെ കുറെ ആവശ്യങ്ങളായിരുന്നിരിക്കണം ആ മനസിലുണ്ടായിരുന്നത്.