ആധിപത്യം നിലനിറുത്താൻ യു.ഡി.എഫ്, തിരിച്ചുപിടിയ്ക്കുമെന്നുറച്ച് എൽ.ഡി.എഫ്, അട്ടിമറി പ്രതീക്ഷയിൽ എൻ.ഡി.എയും


ചാലക്കുടി: വിശുദ്ധ സേവ്യാർ തീർത്ഥാടന കേന്ദ്രത്താൽ പുകൾപ്പെറ്റ ഗ്രാമം, കാർഷിക വൃത്തികളിൽ ഉപജീവനം നടത്തുന്ന ഭൂരിപക്ഷ കുടുംബങ്ങൾ. ഈ വിശേഷണങ്ങളാണ് കാടുകുറ്റി പഞ്ചായത്തിന്റെ മുഖമുദ്ര. നിറ്റാജലാറ്റിൻ കമ്പനിയുടെ മാലിന്യ പ്രശ്‌നങ്ങളാലും പഞ്ചായത്ത് പ്രസിദ്ധമാണ്. 730 ആംഗ്ലോ ഇന്ത്യൻ കുടുംബങ്ങൾ സ്വാധീനം ചെലുത്തുന്നതും കാടുകുറ്റിയുടെ പ്രത്യേകതയാണ്. യു.ഡി.എഫിനോടാണ് എക്കാലത്തും പഞ്ചായത്തിന് ആഭിമുഖ്യം. എന്നാൽ ചില പ്രത്യേക സാഹചര്യത്തിൽ എൽ.ഡി.എഫിനും നാട് ഭരണചക്രം നൽകി.

ഇപ്പോൾ തോമസ് കണ്ണത്ത് പ്രസിഡന്റായുള്ള യു.ഡി.എഫ് ഭരണമാണ് പൂർത്തിയായത്.16ൽ ഒമ്പതു സീറ്റും മുന്നണിയ്ക്കാണ്. എൽ.ഡി.എഫ് ആറും ബി.ജെ.പി ഒരു സീറ്റും നേടി. എന്നാൽ ഇത്തവണ ഭരണ തുടർച്ച യു.ഡി.എഫും ഭരണം പിടിയ്ക്കുമെന്ന വിശ്വാസം എൽ.ഡി.എഫും കാത്തുസൂക്ഷിക്കുമ്പോൾ അട്ടിമറി പ്രതീക്ഷയിലാണ് എൻ.ഡി.എ

..............................


51 പ്രധാന പദ്ധതികൾ വഴി 25 കോടിരൂപയുടെ വികസന പ്രനവർത്തനങ്ങൾ നടത്താനായി. സംസ്ഥാനകേന്ദ്ര ഫണ്ടുകൾ പ്രയോജനപ്പെടുത്തി 40 കോടി രൂപയുടെ വികസനങ്ങളും നടന്നു.

തോമസ് കണ്ണത്ത് (പ്രസിഡന്റ്)


..........................................

കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വികസന പ്രവർത്തനങ്ങളിൽ മുഖം തിരിച്ച ഭരണമായിരുന്നു ഇക്കുറിയുണ്ടായത്. സംസ്ഥാന സർക്കാർ അനുവദിച്ച 35 കോടി രൂപയുടെ മൂന്നു റോഡ് നിർമ്മാണത്തിന് പഞ്ചായത്ത് ഭരണസമിതി തടസം നൽക്കുകയാണ്. പൊതു ക്രിമറ്റോറിയം, പൊതുകളിസ്ഥലം എന്നീ ആവശ്യങ്ങളും നിറവേറ്റിയില്ല.

എം.ഐ. പൗലോസ് (പ്രതിപക്ഷ നേതാവ്)


......................................

ഭരണപക്ഷവും പ്രതിപക്ഷവും പരസ്പര ധാരണയോടെ പ്രവർത്തിച്ചപ്പോൾ അഴമതിയ്ക്കായിരുന്നു പഞ്ചായത്തിൽ മുൻതൂക്കം. കേന്ദ്ര സർക്കാർ പദ്ധതികൾ പലതും നടപ്പാക്കിയില്ല. ഒമ്പത് വാർഡുകളിൽ എൻ.ഡി.എ ത്രികോണ മത്സരത്തിന് കളമൊരുക്കി.
അജീഷ് (ബി.ജെ.പി നേതാവ്)